പ്രതീകാത്മക ചിത്രം
നെടുമങ്ങാട് : ടിക്കറ്റ് തുകയിൽ ഒരു രൂപയുടെ കുറവുണ്ടായതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെകെഎസ്ആർടിസി ബസിൽനിന്ന് കണ്ടക്ടർ നിർബന്ധപൂർവം ഇറക്കിവിട്ടതായി പരാതി. കഴിഞ്ഞ ദിവസം ആര്യനാടാണ് സംഭവം നടന്നത്. യാത്രയ്ക്കിടെ ടിക്കറ്റെടുക്കുമ്പോൾ വിദ്യാർഥിയുടെ കൈയിൽ ഒരു രൂപ തികയാതെ വരികയായിരുന്നു.
തുടർന്ന് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്പുതന്നെ ഇറങ്ങാൻ കണ്ടക്ടർ വിദ്യാർഥിയോട് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥികളോട് കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്നമോശം പെരുമാറ്റത്തിനെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ കെഎസ്ആർടിസി ഉന്നതാധികൃതർക്കും പൊലിസിനും പരാതി നൽകാനാണ് വിദ്യാർഥിയുടെയും കുടുംബത്തിന്റെയും തീരുമാനം. സംഭവത്തിൽ കണ്ടക്ടർക്കെതിരേ അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ വെള്ളനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ വെള്ളനാട് എടിഒയെ നേരിട്ടുകണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. സംഭവത്തിൽ കുറ്റക്കാരനായ കണ്ടക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എടിഒ ഉറപ്പുനൽകിയതിനെ തുടർന്ന് പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചു.