പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സംഭവം വിവാദമായതോടെ ചികിത്സ അനുവദിച്ചു.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിയായ ഉഴമലക്കൽ സ്വദേശി സുനിലിന് ചികിത്സ നിഷേധിച്ചതായി ഗുരുതര പരാതി. കിടക്കയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ചതെന്ന് സുനിലിന്റെ ഭാര്യ മിനി ആരോപിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുനിലിന് തുടർ ചികിത്സയ്ക്കായി വീട്ടിൽ നിന്നും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദേശിച്ചതോടെയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, കിടക്കയില്ലെന്ന് പറഞ്ഞ് ടിക്കറ്റ് നൽകാനോ നിരീക്ഷണത്തിൽ വെക്കാനോ അധികൃതർ തയാറായില്ല. തറയിൽ കിടക്കാൻ പോലും തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രവേശിപ്പിക്കാൻ അധികൃതർ വിസമ്മതിച്ചതായി സുനിലിന്റെ ഭാര്യ മിനി പറഞ്ഞു.
തുടർന്ന്, രോഗിയും കുടുംബവും അഞ്ച് മണിക്കൂറോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. സംഭവം വിവാദമായതോടെ ആശുപത്രി സൂപ്രണ്ട് വിഷയത്തിൽ ഇടപെട്ട് രോഗിക്ക് കിടക്ക സൗകര്യം ലഭ്യമാക്കുകയായിരുന്നു. ആശുപത്രിയിൽ ആകെ 36 കിടക്കകൾ മാത്രമാണുള്ളതെന്നും അതുകൊണ്ടാണ് പ്രവേശിപ്പിക്കാൻ സാധിക്കാതിരുന്നതെന്നുമാണ് നഴ്സിംഗ് സൂപ്രണ്ടിന്റെ വിശദീകരണം.