കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതും സർക്കാരിന് മികച്ച വരുമാനം നേടിക്കൊടുക്കുന്നതുമായ നിർമാണ മേഖലയെ വ്യവസായമായി പ്രഖ്യാപിച്ച് സംരക്ഷിക്കണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 14-ാം സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
റോഡ് വികസനത്തിനായി നേരത്തേ രൂപരേഖ തയാറാക്കി പ്രസിദ്ധീകരിച്ച സ്ഥലങ്ങളിൽ പിന്നീട് അതിൽനിന്ന് വ്യത്യസ്തമായ വിധത്തിൽ റോഡ് വികസനം നടത്തുന്നത് ഒഴിവാക്കണമെന്നും കെട്ടിടനിർമാണതിനായി തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിക്കുന്ന പ്ലാൻ നിയമവിധേയമാണോ എന്ന കാര്യം കെ സ്മാർട്ടിലൂടെ പരിശോധിച്ച് സ്വീകരിച്ചതിനുശേഷം ഉദ്യോഗസ്ഥർ തിരിച്ചയയ്ക്കുന്നത് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നിർമാണ സാമഗ്രികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും വില നിയന്ത്രണം ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ എല്ലാ ജില്ലകളിലും കളക്ടറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കണമെന്നും സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പലേഡിയം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഇ. ചന്ദ്രശേഖരൻ എംഎൽഎ, നഗരസഭ ചെയർമാൻ വി.വി. രമേശൻ, ലെൻസ്ഫെഡ് ഭാരവാഹികളായ ഇ.പി. ഉണ്ണികൃഷ്ണൻ, പി.എം. സനിൽ കുമാർ, പി.ബി. അനിൽകുമാർ, കെ. സുരേന്ദ്രൻ, കെ.ഇ. മുഹമ്മദ് ഫസൽ, ബിജോ മുരളി, എ. പ്രദീപ് കുമാർ, വി. രമേഷ്, ജോൺ ലൂയിസ്, എ.സി. മധുസൂദനൻ, കുര്യൻ ഫിലിപ്പ്, വി.ഡി. ജയകുമാർ, പി.സി. സലിൽ കുമാർ, ബിനു സുബ്രമണ്യൻ, ആശിഷ് ജേക്കബ്, ടി. ഗിരീഷ് കുമാർ, ജാബീർ തിരുവത്ത്, സി.വി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Construction Lensfed