പ്രതീകാത്മക ചിത്രം
തൊടുപുഴ: ഉടുമ്പന്‍ചോലയിൽ കെ.കെ. ജയചന്ദ്രനെ തോൽപ്പിച്ചത് സിപിഎമ്മാണെന്ന ആരോപണത്തില്‍ സമയമാകുമ്പോള്‍ തെളിവ് പുറത്തുവിടുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ. ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നില്ല. വിഷയത്തിൽ നിയമ നടപടിയുമായി പോയാൽ നഷ്ടം സിപിഎമ്മിനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജയചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കള്‍ സമീപിച്ചുവെന്നും ഇതിന്റെ ശബ്ദ സന്ദേശങ്ങൾ കൈവശമുണ്ടെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നെടുങ്കണ്ടത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പരിപാടിയിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭൂപ്രശ്നത്തിന്റെ പേരില്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്താനുള്ള സിപിഎം തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വനമല്ലാത്ത ഭൂമി ഇഎസ്എ പരിധിയിൽ വരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും നടത്തുന്ന ഹര്‍ത്താല്‍ അനാവശ്യമാണ്. അധികാരത്തിലിരുന്ന 10 വർഷം സിപിഎം എന്തു ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.