പൂവത്താംകുന്നിലെ വീടിന്റെ തറയോടു ചേര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തം പരിശോധിക്കാന്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് പൂവത്താംകുന്നിലുള്ള പറയന്‍കണ്ടത്തില്‍ പരമേശ്വരന്റെ വീടിന്റെ തറയോടു ചേര്‍ന്ന് കഴിഞ്ഞദിവസം ഗര്‍ത്തം രൂപപ്പെട്ട സ്ഥലം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.
ജിയോളജിസ്റ്റ് സി.എസ്. മഞ്ജു, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ദീപ ദേവദാസ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ച്ചയായുള്ള മഴയെ തുടര്‍ന്ന് ഈ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.ഇതിനു സമീപത്ത് നിന്നും ഏകദേശം നൂറ് മീറ്ററോളം താഴെ കായണ്ണ പഞ്ചായത്ത് ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട കര്ഷകന് വടക്കേത്തടം ജോണിയുടെ സ്ഥലത്തുള്ള ഉപയോഗശൂന്യമായ കിണറില്‍ നിന്നും ശക്തിയോടെ വെള്ളം പുറത്തേക്ക് തള്ളുന്നുണ്ട്. ഇവിടെയും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കൂടുതല്‍ പഠനം നടത്തിയെങ്കില്‍ മാത്രമേ കൃത്യമായ വിവരം ലഭിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുകയും ഇതില്‍ നിന്നും വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നതായും വീട്ടുകാര്‍ പറഞ്ഞു. ജിയോളജി അധികൃതര്‍ സംഭവത്തെ കുറിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശേരി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദുമോള്‍ തോമസ് കളപ്പുരയ്ക്കല്‍, എന്‍.കെ. കുഞ്ഞമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് കെ.പി. മനില്‍ കുമാര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചതായും ഇതു സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോര്‍ട്ട് ലഭിക്കുമെന്നും പ്രസിഡന്റ് സിനി ജിനോ പറഞ്ഞു.