പ്രതീകാത്മക ചിത്രം
പിറവം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കണ്ണീറ്റുമലയിലെ ശ്മശാനത്തിന്റെ പുനർനിർമാണം ഉടന്‍ ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികമായ തടസങ്ങള്‍ നീക്കി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 15 ലക്ഷത്തോളം ചെലവഴിച്ചാണ് നവീകരിക്കുന്നത്.
കഴിഞ്ഞ മേയിൽ ശക്തമായ കാറ്റില്‍പെട്ടാണ് ശ്മശാനത്തിന്റെ ചിമ്മിനിയും, സമീപത്തുണ്ടായിരുന്ന മാലിന്യ സംസ്കരണ പ്ലാന്റിന്റെ ചിമ്മിനിയും തകര്‍ന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 40 ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴല്‍ നാലു വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
30 മീറ്റര്‍ ഉയരമുള്ള പുകക്കുഴലിന് സംരക്ഷണമായി ആവശ്യത്തിനുള്ള സ്റ്റേ റോപ്പ് ഇല്ലാത്തതായിരുന്നു കാറ്റില്‍ തകരാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇതു നിര്‍മിച്ചതിനു ശേഷം ഒരിക്കല്‍ പോലും പ്ലാന്റ് പ്രവര്‍ത്തിച്ചിട്ടുമില്ല. നഗരസഭയ്ക്ക് വളരെയധികം സാമ്പത്തിക ബാധ്യത വരുത്തിയിരുന്ന പ്രോജക്ടായിരുന്നു ഇത്. ശ്മശാനം തകര്‍ന്ന ഉടന്‍തന്നെ പുനർനിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ തനതുഫണ്ടില്‍ നിന്നും ഏഴുലക്ഷം അനുവദിച്ച് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ജോലിയും തുടങ്ങിയിരുന്നു.
അതിനിടെയാണ് ശ്മശാനത്തിന്റെ പുകകുഴലിന്റെ ഫൗണ്ടേഷനും സംസ്കരിക്കുന്ന പ്ലാന്റും ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം തകര്‍ന്നതായി ബോധ്യപ്പെട്ടത്. ശ്മശാനത്തിന്റെ മുഴുവന്‍ അറ്റകുറ്റപ്പണികളും നടത്തി നവീകരിക്കാന്‍ കൂടുതല്‍ തുക ആവശ്യമായതിനാൽ രണ്ടാമത് ടെൻഡര്‍ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു മാത്രമേ ഇത്തരം ജോലികൾ ചെയ്യാനാകൂവെന്ന കീഴ് വഴക്കം ഉള്ളതിനാൽ നടപടി ക്രമങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കാലതാമസം നേരിട്ടിരുന്നു.
ഹരിതകര്‍മ സേന ശേഖരിക്കുന്ന മിനി എംസിഎഫില്‍ നിന്നുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലം ഏറെക്കുറെ സംഭരണശാല നിറഞ്ഞിരിക്കുകയാണ്. അത് സമയബന്ധിതമായി തരം തിരിച്ച് സംസ്കരണ ഏജന്‍സിക്ക് കൈമാറുന്നതിനുള്ള ജോലികളും പൂര്‍ത്തിയായതായും ചെയർപേഴ്സൺ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews public crematorium