പെരിയാറിൽ ജലനിരപ്പ് താഴ്ന്ന് കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായതിനെ തുടർന്ന് ഭൂതത്താൻകെട്ട് ഡാമിന്റെ 12 ഷട്ടറുകൾ അടച്ചപ്പോൾ.
കോതമംഗലം: കാലാവസ്ഥ തകിടം മറിഞ്ഞ് മഴക്കുവ് നേരിടുന്നതിനാൽ ഭൂതത്താൻ കെട്ട് ഡാമിന്റെ 15 ഷട്ടറുകളിൽ 12 എണ്ണം അടച്ചു. ഭൂതത്താന്‍കെട്ട് ഡാമില്‍ ജൂണ്‍ മാസം തുറക്കുന്ന ഷട്ടറുകള്‍ മുൻകാലങ്ങളിൽ വേനൽ ആരംഭിക്കുന്ന ഡിസംബര്‍-ജനുവരി മാസങ്ങളോടെയാണ് അടച്ചിരുന്നത്. ഇത്തവണ എൽനീനോ പ്രതിഭാസം മൂലം മഴയിലുണ്ടായ ഗണ്യമായ കുറവ് കാര്യങ്ങള്‍ മാറ്റിമറിച്ചു.
ഡാമിന്റെ മൂന്ന് ഷട്ടറുകളൊഴികെയുള്ളവയാണ് ഇന്നലെ അടച്ചത്. പല പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കിണറുകളിലും വരൾച്ച നേരിടുന്നതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
റിസര്‍വോയറിലെ ജലനിരപ്പ് 31 മീറ്ററായാണ് നിലനിർത്തിയിരിക്കുന്നത്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതുമൂലം കീരമ്പാറയിലേയും കവളങ്ങാടിലേയും കുടിവെള്ള വിതരണ പദ്ധതികളുടെ പ്രവര്‍ത്തനം മുടങ്ങുന്ന ഘട്ടത്തിലാണ് വാട്ടര്‍ അഥോറിറ്റിയുടെ ആവശ്യപ്രകാരം ഡാമിന്റെ ഷട്ടറുകള്‍ അടച്ചത്.
ഇതോടെ പെരിയാറില്‍ ജലനിരപ്പ് ഉയരുകയും ചെയ്തു. കനാലുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ജലനിരപ്പ് 34 മീറ്റര്‍ ആക്കിയാല്‍ മാത്രമേ കനാലുകളിലേക്ക് വെളളം ഒഴുക്കാനാകൂ. മഴയുടെ കുറവ് കാര്‍ഷിക മേഖലയെ ബാധിച്ചുതുടങ്ങി. കുടിവെളള സ്രോതസുകളും വറ്റിത്തുടങ്ങി. കനാലുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ ഇതുവരേയും ആരംഭിക്കാത്തതും കനാൽ തുറക്കുന്നതിന് തടസമാകുന്നുണ്ട്.