രാമപുരം സെന്റ് അഗസ്റ്റിന്ന്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ഡിജിറ്റല്‍ സ്ക്വയര്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോസഫ് സെബാസ്റ്റ്യന്‍ കണ്ടത്തി
ഉള്ളനാട്: കുട്ടികളുടെ സര്‍ഗാത്മകതയും സ്വയംപഠനശേഷിയും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുന്നതിനായി സ്കൂളുകളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പ്രവര്‍ത്തനമാരംഭിച്ചു. വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പ്രത്യേകം ക്രമീകരിച്ച സോഫ്റ്റ്വെയര് സംവിധാനമാണ് ഡിജിറ്റല്‍ സ്ക്വയറിലുള്ളത്.
എജുക്കേഷന്‍ ഗെയിംസ്, ഇന്ററാക്ടീവ് ഡിജിറ്റല്‍ റിസോഴ്സുകൾ, ഡിജിറ്റല്‍ വര്‍ക്ക് ഷീറ്റുകൾ, ലാംഗ്വേജ് ലാബ്, ബ്രോഡ്കാസ്റ്റ്, ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കുകൾ, ക്രിയേറ്റീവ് സോഫ്റ്റ്വെയറുകള് തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉപയോഗപ്പെടുത്താം.
പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ടാസ്കുകൾ, അടിസ്ഥാന പഠനശേഷിയും പ്രശ്നപരിഹാരശേഷിയും വികസിപ്പിക്കുന്ന പ്രവര്‍ത്തനങ്ങൾ, സംഗീതം, ചിത്രം, ആനിമേഷന്‍ തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ഇവിടെ അവസരമുണ്ട്.
പുതിയ കാലത്തെ കുട്ടികളുടെ പഠനാവശ്യങ്ങള്‍ പരിഗണിച്ച് പാഠപുസ്തകത്തിനപ്പുറമുള്ള പഠനാനുഭവങ്ങള്‍ നല്‍കുക, സാങ്കേതികവിദ്യയുമായി പരിചയപ്പെടുത്തുക, സ്വയം പഠിക്കാനുള്ള അവസരം ഒരുക്കുക, സര്‍ഗാത്മകവും പ്രശ്നപരിഹാരപരവുമായ കഴിവുകള്‍ വളര്‍ത്തുക എന്നിവയാണ് ഡിജിറ്റല്‍ സ്ക്വയറിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഉള്ളനാട് എസ്എച്ച് യുപി സ്കൂളിലെ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് പൊന്നുംവരിക്കയില് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് വിന്‍സന്റ് മാത്യുസ്, ഡിജിറ്റല്‍ സ്ക്വയര്‍ കോ-ഓർഡിനേറ്റര്‍ ജിജോ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡിജിറ്റല്‍ സ്ക്വയര്‍ പദ്ധതിയുടെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് രാമപുരം ഡിവിഷന് മെംബർ ജോസഫ് സെബാസ്റ്റ്യന്‍ കണ്ടത്തില്‍ നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡിറ്റോ സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റര് നെല്‍സണ്‍ അലക്സ്, അധ്യാപകരായ എബി ജോര്‍ജ്, റോജിന്‍ തോമസ്, ജോസ് പി. ജോബി, ആല്ബിന് സണ്ണി, വിഷ്ണുപ്രിയ വിജയൻ, ആന്‍ ട്രീസ സെബാസ്റ്റ്യന്‍, ഡോണി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews