നിർമാണപ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്ന നീലേശ്വരം കച്ചേരിക്കടവ് പാലം.
നീലേശ്വരം: നിർമാണം തുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും ഇരുകരകളും തമ്മിൽ മുട്ടാതെ കച്ചേരിക്കടവ് പാലം. വീണ്ടുമൊരു മഴക്കാലം കഴിഞ്ഞിട്ടും പാലത്തിന്റെ നിർമാണപ്രവൃത്തികൾ പുനരാരംഭിച്ചിട്ടില്ല. പുതിയ സർക്കാർ അധികാരമേറ്റ ശേഷം കിഫ്ബി പദ്ധതികളുടെ കാര്യത്തിലുണ്ടായ സ്തംഭനാവസ്ഥയാണ് കച്ചേരിക്കടവ് പാലത്തിനും പണിയായത്.
2024 മാർച്ചിലാണ് പാലത്തിന്റെ നിർമാണം തുടങ്ങിയത്. ആകെ ഒമ്പത് സ്പാനുകളുള്ള പാലത്തിന്റെ എട്ട് സ്പാനുകളുടെയും തൂണുകളുടെയും നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. വില്ലുപോലെ വളഞ്ഞ (ബോസ്ട്രിംഗ്) ആകൃതിയിൽ നിർമിക്കുന്ന മധ്യഭാഗത്തെ പ്രധാന സ്പാനിന്റെ നിർമാണമാണ് ഇനി ബാക്കിയുള്ളത്. ഉടൻനാടൻ ജലഗതാഗതവകുപ്പിന്റെ നിർദേശപ്രകാരം ദേശീയ ജലപാതയ്ക്കുകൂടി തടസമാകാത്ത വിധമാണ് സ്പാൻ കമാനാകൃതിയിൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണത്തിന് കൂടുതൽ ചെലവും സമയവുമെടുക്കും.
2025 സെപ്റ്റംബർ ഒന്നിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു കരാറിൽ വ്യവസ്ഥ ചെയ്തിരുന്നത്. പിന്നീട് ഇത് ഈ വർഷം മേയ് 31 വരെ നീട്ടി. ഇപ്പോൾ ഇത് വീണ്ടും അടുത്തവർഷം മേയ് 31 വരെ നീട്ടാൻ കരാറുകാർ കത്തുനൽകിയിരിക്കുകയാണ്. പ്രവൃത്തികൾ ഇനിയും പുനരാരംഭിക്കാത്ത സാഹചര്യത്തിൽ ആ സമയപരിധിക്കുള്ളിൽ പോലും പാലത്തിന്റെയും അനുബന്ധറോഡുകളുടെയും നിർമാണം പൂർത്തിയാകുമോ എന്നു സംശയമാണ്.
കഴിഞ്ഞ ജൂലൈയിൽ സന്ദീപ് വാര്യർ എംഎൽഎ പാലത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താനെത്തിയിരുന്നു. വിഷയം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി എത്രയും പെട്ടെന്ന് നിർമാണം പുനരാരംഭിക്കാൻ വേണ്ടതു ചെയ്യുമെന്ന് എംഎൽഎ വാക്ക് നൽകിയിട്ടുണ്ടെങ്കിലും അതിനും കാത്തിരിപ്പ് നീളുകയാണ്.
കച്ചേരിക്കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമാണം പൂർത്തിയായാൽ ദേശീയപാത നവീകരണം മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ വലയുന്ന നീലേശ്വരത്തുള്ളവർക്കും ഇതുവഴി കടന്നുപോകുന്ന മറ്റു യാത്രക്കാർക്കും അത് വലിയൊരാശ്വാസമാകും. പാലത്തിന്റെ അനുബന്ധ റോഡിലേക്ക് ദേശീയപാതയിൽ നിന്നും തിരിച്ചും പ്രവേശനം അനുവദിക്കാമെന്ന് നേരത്തേ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും നഗരസഭയുടെ കർമസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്. ഇതോടെ നീലേശ്വരത്തേക്കും ഇതുവഴി മലയോരമേഖലയിലേക്കും പോകുന്ന വാഹനയാത്രക്കാർക്ക് മാർക്കറ്റ് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി കുറഞ്ഞ ദൂരത്തിൽ പടന്നക്കാട് നിന്ന് നീലേശ്വരത്തേക്കും തിരിച്ചും എത്താൻ വഴിയൊരുങ്ങും.
Tags : NattuVishesham DistrictNews