മുടിയാട്ടവും താളമേളങ്ങളുമായി മുത്തിക്ക് ഉപചാരവുമായി പാക്കനാർ സംഘം കൊരട്ടി പള്ളിയിലെത്തിയപ്പോൾ.
കൊരട്ടി: വ്രതശുദ്ധിയോടെയും പാരമ്പര്യ ആചാരങ്ങൾ കാത്തുസൂക്ഷിച്ചും കൊരട്ടിമുത്തിയുടെ തിരുനാളിൽ ഉപചാരം ചൊല്ലാൻ പാക്കനാർ സംഘമെത്തി. തലമുറകളായി തുടർന്നുവരുന്ന വിശ്വാസാചാരത്തിന്റെ ഭാഗമായി ആറ്റപ്പാടത്തെ സമുദായ ക്ഷേത്രത്തിൽനിന്നുള്ള 24 കുടുംബങ്ങളിലെ പ്രതിനിധികളാണ് പ്രധാന തിരുനാൾദിനമായ ഇന്നലെ കൊരട്ടി പള്ളിയിലെത്തിയത്.
സ്ത്രീകളുടെ മുടിയാട്ടവും തെയ്യവും വാദ്യമേളങ്ങളുമടക്കമുള്ള നാടൻ കലാരൂപങ്ങൾ പ്രദക്ഷിണത്തിനു പൈതൃകത്തനിമ പകർന്നു. മൂന്നു കിലോമീറ്റർ അകലെയുള്ള വെളുത്തുപറമ്പിൽ ഭദ്രകാളി മുത്തപ്പൻ ക്ഷേത്രത്തിൽനിന്ന് പുറപ്പെട്ട സംഘം ഇന്നലെ ഉച്ചയോടെ കിഴക്കേ കപ്പേളയ്ക്കു സമീപത്തെത്തി. വഴിനീളെ വിവിധയിടങ്ങളിൽ സംഘത്തിനു സ്വീകരണവും ലഭിച്ചു. മുത്തിയുടെ അത്ഭുതരൂപം വഹിച്ച് നാലങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം കിഴക്കേ കപ്പേളയിലെ ത്തിയപ്പോൾ പാക്കനാർ സംഘവും അതിനൊപ്പം ചേർന്നു.
പ്രദക്ഷിണം ദേവാലയത്തിലെത്തിയശേഷം തിരുനടയിൽ പറ നിറച്ചും വർഷംതോറും ലഭിക്കുന്ന ദക്ഷിണ സ്വീകരിച്ചുമാണ് സംഘം മടങ്ങിയത്. പാക്കനാർ വംശവും കൊരട്ടി പള്ളിയുമായുള്ള ചരിത്രബന്ധത്തിന്റെ ഓർമ പുതുക്കുന്ന ഈ സമർപ്പണം കാലങ്ങളായി മുടങ്ങാതെ തുടരുന്ന ആചാരമാണ്.
കൊച്ചി രാജാക്കന്മാരുടെ ഭരണകാലത്ത് പ്രദേശത്തിന്റെ ചുമതല പറക്കാട്ടി തമ്പുരാട്ടിക്കായിരുന്നുവെന്നും കോടശേരി കർത്താക്കൾ പടയുമായി എത്തിയപ്പോൾ പാക്കനാരാണ് തമ്പുരാട്ടിക്ക് അഭയം നൽകിയതെന്നുമാണ് വിശ്വാസം. ഇതിനു പ്രത്യുപകാരമായി പാക്കനാർ വംശത്തിന് ലഭിച്ച ഭൂമിയിലാണ് ക്ഷേത്രം സ്ഥാപിച്ചതെന്നും കരുതപ്പെടുന്നു. തുടർന്നാണ് സമീപത്തെ ആരാധനാകേന്ദ്രമായ കൊരട്ടി പള്ളിയിലേക്കും വർഷംതോറുമുള്ള സമർപ്പണം ആരംഭിച്ചത്. വി.കെ. കുമാരൻ, വി.ആർ. രാമകൃഷ്ണൻ, വി.സി. അയ്യപ്പൻ, വി.കെ. സുബ്രൻ എന്നിവരുടെ നേതൃത്വത്തിലാണു പാക്കനാർ സംഘം പള്ളിയിലെത്തിയത്.
Tags : NattuVishesham DistrictNews