മൂവാറ്റുപുഴ നഗരത്തില്‍ വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷനിലെ ദിശാ ബോര്‍ഡുകള്‍ മാഞ്ഞ നിലയില്‍.
മൂവാറ്റുപുഴ: എംസി റോഡ് കടന്നുപോകുന്ന മൂവാറ്റുപുഴ നഗരത്തില്‍ ദിശാബോര്‍ഡുകള്‍ നശിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. നഗരത്തിലെ മിക്ക പ്രധാന കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ദിശാബോര്‍ഡുകളിലെ അക്ഷരങ്ങള്‍ പൂര്‍ണമായും മാഞ്ഞ നിലയിലാണ്. ഇതിനുപുറമേ ബോര്‍ഡുകള്‍ താങ്ങിനിര്‍ത്തുന്ന ഇരുമ്പ് തൂണുകള്‍ തുരുമ്പെടുത്ത് നശിക്കുന്നതും വലിയ അപകടഭീഷണിയാണ്.
വെള്ളൂര്‍ക്കുന്നം സിഗ്നല്‍ ജംഗ്ഷനില്‍ പ്രധാന സ്ഥലങ്ങളിലേക്കുള്ള ദിശയും ദൂരവും കാണിക്കുന്ന ബോര്‍ഡിന്റെ പെയിന്റ് പൂര്‍ണമായും മാഞ്ഞ് അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. മൂവാറ്റുപുഴ നഗരത്തിലൂടെ ദിവസേന ശബരിമല തീര്‍ഥാടകരുടേതടക്കം ആയിരകണക്കിന് ഇതരസംസ്ഥാന വാഹനങ്ങളും മറ്റ് ദൂരയാത്രക്കാരുമാണ് കടന്നുപോകുന്നത്. പലയിടങ്ങളിലും വഴിവിളക്കുകള്‍ കൃത്യമായി പ്രകാശിക്കാത്തതും ഒപ്പം ദിശാബോര്‍ഡുകള്‍ മാഞ്ഞുപോയതും രാത്രിയാത്രക്കാരെയാണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.
വഴി ചോദിച്ചറിയാന്‍ പോലും ആളില്ലാത്ത സമയങ്ങളില്‍ ദൂരദേശങ്ങളില്‍ നിന്നും എത്തുന്നവര്‍ വഴിതെറ്റി അലയുന്നതും പതിവ് കാഴ്ചയാണ്. ചിലയിടങ്ങളില്‍ വൈദ്യുതി തൂണുകളുടെയും മറ്റും പിന്നില്‍ മറഞ്ഞുനില്‍ക്കുന്ന രീതിയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് സഹായകരമാകേണ്ട മറ്റ് ഭാഷകളിലുള്ള ബോര്‍ഡുകളും നഗരത്തില്‍ എവിടെയും കാണാനില്ല. ഗൂഗിള്‍ മാപ്പിന്റെ കാലമാണെങ്കിലും സാധാരണക്കാരായ ഡ്രൈവര്‍മാര്‍ക്കും അപരിചിതരായ യാത്രക്കാര്‍ക്കും റോഡിലെ ദിശാബോര്‍ഡുകള്‍ തന്നെയാണ് പ്രധാന ആശ്രയം.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇത് പൂര്‍ണമായി അവഗണിക്കുകയാണ്. നഗരത്തിലെ ചില ബോര്‍ഡുകള്‍ മാത്രം പെയിന്റ് അടിച്ച് പുതുക്കുകയും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റ് ബോര്‍ഡുകള്‍ അപകടാവസ്ഥയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അധികൃതര്‍ അടിയന്തരമായി ഇടപെട്ട് നഗരത്തിലെ മുഴുവന്‍ ദിശാബോര്‍ഡുകളും പുനഃസ്ഥാപിക്കണമെന്നും ഇതരഭാഷാ സൂചനകള്‍ ഉള്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Tags : Local News Nattuvishesham Ernakulam