മാലോം: മലയോരഹൈവേയിലെ കാറ്റാംകവല മറ്റപ്പള്ളി വളവിൽ നിരന്തരം അപകടങ്ങളുണ്ടാകുമ്പോഴും പ്രശ്നം പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടാകാത്തതിനെതിരേ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രത്യക്ഷസമരം തുടങ്ങുന്നു.
ആദ്യഘട്ടമെന്ന നിലയിൽ ഈ മാസം നാലിന് ബഹുജന പങ്കാളിത്തത്തോടെ പറമ്പ റോഡ് ജംഗ്ഷനിൽ 24 മണിക്കൂർ ഉപവാസം നടത്താൻ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു. മൂന്ന് പഞ്ചായത്തുകളിലെയും ജില്ല, ബ്ലോക്ക് തലങ്ങളിലെയും ജനപ്രതിനിധികളും ഉപവാസത്തിൽ പങ്കുചേരും. സമരപരിപാടികൾക്കായി വിപുലമായ സംഘാടകസമിതിയും രൂപീകരിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ടോമി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗം സോണി പൊടിമറ്റം, സിന്ധു വർഗീസ്, ജിഷ ലോറൻസ്, ജോസ് കുത്തിയതോട്ടിൽ, ജോയ് കിഴക്കരക്കാട്ട്. ജോജി പുല്ലാഞ്ചേരി, പ്രമോദ് മക്കാക്കോടൻ, ഷെരീഫ് വാഴപ്പള്ളി, ജോർജ് കുട്ടി കരിമഠം എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ടോമി പ്ലാച്ചേരി- ചെയർമാൻ, ജോയ് കിഴക്കരക്കാട്ട്- ജനറൽ കൺവീനർ, പ്രമോദ് മക്കാക്കോടൻ, ജോർജ് കരിമഠം, ഷെരീഫ് വാഴപ്പള്ളി- കൺവീനർമാർ, ജോജി പുല്ലാഞ്ചേരി- കോ-ഓർഡിനേറ്റർ.
ബൈപ്പാസ് റോഡ് വികസിപ്പിക്കണം
കൊന്നക്കാട്: മലയോര ഹൈവേയിൽ കാറ്റാംകവലയ്ക്കും വള്ളിക്കടവിനും ഇടയിലുള്ള ചെങ്കുത്തായ ഇറക്കവും കൊടുംവളവും ഒഴിവാക്കാൻ കൊന്നക്കാട് നിന്നും ചാമക്കുളം, ചന്ദ്രൻകുന്ന് വഴി കാറ്റാംകവലയിലേക്ക് ബൈപാസ് റോഡ് വികസിപ്പിക്കണമെന്ന് ആവശ്യം. ഇതുവഴി നിലവിലുള്ള പഞ്ചായത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ബൈപ്പാസ് ആയി വികസിപ്പിക്കണമെന്ന് വ്യാപാരി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റും ജില്ലാ എക്സിക്യുട്ടീവ് മെംബറുമായ എ.ടി. ബേബി പൊതുമരാമത്ത് മന്ത്രിക്ക് നല്കിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാറ്റാംകവലയിലെ കൊടുംവളവും റോഡിന്റെ അശാസ്ത്രീയമായ നിർമാണവും മൂലം ഇതിനോടകം തന്നെ വലുതും ചെറുതുമായ അമ്പതിലേറെ വാഹനാപകടങ്ങൾ നടക്കുകയും പത്തോളം പേരുടെ ജീവൻ പൊലിയുകയും ചെയ്തതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബൈപ്പാസ് റോഡ് വികസിപ്പിച്ചാൽ മലയോര ഹൈവേയിലൂടെ വരുന്ന ബസുകളടക്കമുള്ള ദീർഘദൂര വാഹനങ്ങൾക്ക് കൊന്നക്കാട് ടൗൺ വഴി കടന്നുപോകാൻ കഴിയുമെന്നത് പൊതുജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാകുമെന്നും നിവേദനത്തിൽ പറഞ്ഞു.
നാല് കിലോമീറ്ററോളം മാത്രം നീളമുള്ളതും നിലവിൽ ഗതാഗത യോഗ്യമായതുമായ പഞ്ചായത്ത് റോഡിനെ വികസിപ്പിക്കാൻ വലിയ ചെലവ് വേണ്ടിവരില്ല. ഈ ബൈപാസ് യാഥാർഥ്യാമായാൽ കോട്ടഞ്ചേരി, പന്നിയാർമാനി, അച്ചൻകല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മലയോര ഹൈവേയിലൂടെ വഴി തുറന്നുകിട്ടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags : nattu vishesham Disaster management