പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമനുസരിച്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും ഹരിത പരിപാലന ചട്ടം പാലിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു.
പ്ലാസ്റ്റിക്, പിവിസി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്നതും പുനഃചംക്രമണത്തിനു വിധേയമാക്കാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനുപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, കമാനങ്ങള്‍, ചുവരെഴുത്തുകള്‍, സ്റ്റിക്കറുകള്‍ എന്നിവ നിര്‍മിക്കുന്നതിന് പിവിസി ഫ്ലക്സ്, പോളിസ്റ്റര്‍ നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗുളള തുണി, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്ക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിംഗോ ഉള്ള പുന: ചംക്രമണം സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രിന്റിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
നിരോധിത വസ്തുക്കള്‍ കൊണ്ട് സ്ഥാപിക്കപ്പെടുന്ന കമാനങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റ് പ്രചാരണ സാമ്രഗ്രികള്‍ എന്നിവ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, തദ്ദേശ സ്ഥാപനങ്ങളിലെ വിജിലന്‍സ് വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കംചെയ്യേണ്ടി വരുന്നപക്ഷം ചെലവ് ഈടാക്കുന്നതിലേക്കായി പിഴ ഈടാക്കും. വിവിധ തിരഞ്ഞെടുപ്പ് സ്ക്വാഡുകള്‍ പിടിച്ചെടുത്ത ബോര്‍ഡുകള്‍, കൊടി തോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവ തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് സംസ്കരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.