പ്രതീകാത്മക ചിത്രം
പഠന റിപ്പോര്‍ട്ടുമായി വിദ്യാര്‍ഥികള്‍
കോഴിക്കോട്: ഡോക്ടര്‍മാര്‍ കുറിച്ചുനല്‍കുന്ന മരുന്ന് ഭൂരിഭാഗം പേരും പൂര്‍ണമായി ഉപയോഗിക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്.കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഇക്കണോമിക്സ് വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിയ 'റീ-ലൈഫ്' പഠന റിപ്പോര്‍ട്ടിലാണ് 69.2 ശതമാനം പേര് അശാസ്ത്രീയമായി മരുന്ന് ഉപേക്ഷിക്കുന്നതായി ചൂണ്ടിക്കാട്ടുന്നത്.
കായണ്ണ പഞ്ചായത്തിലെ 250 വീടുകളിലാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 62.4 ശതമാനം വീടുകളില്‍ ഉപയോഗിക്കാത്ത മരുന്നുകളുണ്ടെന്ന് കണ്ടെത്തി. ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകള്‍ മുഴുവനും കഴിച്ചു തീര്‍ക്കാത്ത ആളുകളുണ്ട്. ചികിത്സയ്ക്ക് ശേഷം ബാക്കി വരുന്ന ഗുളികകളും സിറപ്പുകളും വീടുകളില്‍ സൂക്ഷിക്കുന്ന സാഹചര്യവുമുണ്ട്. ഇവയുടെ
കാലാവധി കഴിഞ്ഞാല്‍ അവയില്‍ ചിലത് സാധാരണ മാലിന്യത്തിനൊപ്പം മണ്ണിലേക്ക് വലിച്ചെറിയുന്നു. ചിലത് കത്തിച്ചു കളയുന്നു. സര്‍വെയില്‍ പങ്കെടുത്ത പത്ത് വീടുകളില്‍ ആറെണ്ണത്തിലും ഉപയോഗിക്കാത്ത മരുന്നുകള്‍ ഉണ്ടെന്ന് കണ്ടെത്തി.
82.4 ശതമാനം വീടുകളില്‍ മരുന്നുകള്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ്.ചികിത്സയ്ക്ക് ശേഷം മരുന്നുകള്‍ ബാക്കി വരുന്നതായി 50.8 ശതമാനം കുടുംബങ്ങള്‍ വിദ്യാര്‍ഥികളെ അറിയിച്ചു.വിഷയത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ആവശ്യമാണെന്ന് 94.8 ശതമാനം കുടുംബങ്ങളും അഭിപ്രായപ്പെട്ടു. സ്കൂളിലെ ഇക്കണോമിക്സ് വിഭാഗം അധ്യാപകന് ഡോ. പി.കെ. ഷാജിയുടെ നേതൃത്വത്തിലാണ് പഠനറിപ്പോര്‍ട്ട്.
പ്രതികരണം
സാമ്പത്തിക നഷ്ടം ഗൗരവമായി കാണണം
മരുന്ന് പാഴാക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഗൗരവമായി കാണേണ്ടതുണ്ട്. ഉപയോഗശൂന്യമായ മരുന്നുകളും കാലാവധി കഴിയാത്ത മരുന്നുകളും ശേഖരിക്കുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും കൃത്യമായ സംവിധാനം വേണമെന്ന് സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനത്തിലധികം കുടുംബങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്‍. ബി. അനഘ
പാരിസ്ഥിതിക-ആരോഗ്യ വിപത്തുകള്‍ സൃഷ്ടിക്കും
മരുന്നുകള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നതും തുറസായ സ്ഥലങ്ങളില്‍ കത്തിക്കുന്നതും അതീവഗുരുതമായ പാരിസ്ഥിതിക-ആരോഗ്യ വിപത്തുകള്‍ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യസംഘടനയും(ഡബ്ല്യുഎച്ച്ഒ) ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാമിന്റെയും പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ മണ്ണിലും ജലാശയങ്ങളിലും എത്തുമ്പോള്‍ പ്രതിരോധ ശേഷിയുള്ള സൂക്ഷ്മജീവികളുടെ രൂപീകരണത്തിനും വ്യാപനത്തിനും അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
ടി.കെ. ആദിത്യന്
Tags : Nattuvishesham DistrictNews DeepikaNews medication