ഡോ. പ്രീജ
മേപ്പാടി: താഞ്ഞിലോട് കുപ്പച്ചി ഊരിലെ ശ്രീധരന്-ശോഭന ദമ്പതികളുടെ മകള്‍ പ്രീജ ഇനി ഡോക്ടര്‍ പ്രീജ. പ്രതികൂല ജീവിതസാഹചര്യങ്ങളെയും പ്രതിസന്ധികളെയും നിശ്ചയദാര്‍ഢ്യംകൊണ്ട് കീഴടക്കി ഡെന്റല്‍ ബിരുദ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ പ്രീജ ഊരിന് അഭിമാനമായി.
മുക്കം കെഎംസിടി ഡെന്റല്‍ കോളജിലായിരുന്നു പ്രീജയുടെ പഠനം. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ പിന്തുണയും ഇ ഗ്രാന്റുമാണ് പ്രീജയ്ക്ക് പഠനത്തില്‍ തുണയായത്. അമ്പലവയല്‍ ട്രൈബല്‍ ഹോസ്റ്റലില്‍ താമസിച്ചാണ് പ്രീജ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുപ്പച്ചി ഉന്നതിയില്‍നിന്ന് കുട്ടിയെ മേപ്പാടിയിലെ സ്കൂളില്‍ കൊണ്ടുവിടാന്‍ കഴിയാത്തതുകൊണ്ടാണ് മാതാപിതാക്കള്‍ ഹോസ്റ്റലില്‍ ചേര്‍ത്തത്. കണിയാമ്പറ്റ സ്കൂളിലായിരുന്നു ഹയര്‍ സെക്കന്‍ഡറി പഠനം.
പിന്നീട് പരിശീലനത്തിനുശേഷം പ്രവേശന പരീക്ഷ എഴുതി പാസായാണ് കെഎംസിടി കോളജില്‍ ചേര്‍ന്നത്. മേപ്പാടി പഞ്ചായത്തില്‍ പണിയ സമുദായത്തില്‍നിന്നുള്ള ആദ്യ ഡെന്റല്‍ ഡോക്ടറാണ് പ്രീജ. താഞ്ഞിലോട് കുടുംബശ്രീ യൂണിറ്റ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് ഡോ. പ്രീജയെ അനുമോദിച്ചു. വാര്‍ഡ് അംഗം കെ.പി. യൂനുസ് ഊരിലെത്തി പൊന്നാട അണിയിച്ചു. പരിമിത ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഡോ. പ്രീജ പ്രചോദനമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags :