കുപ്പച്ചി ഊരിലെ കിണറിൽ നിന്ന് കുടി വെള്ളം ശേഖരിക്കുന്ന 60 വയസുള്ള കല്യാണി.
മേപ്പാടി: പഞ്ചായത്ത് എട്ടാം വാർഡിലെ കുപ്പച്ചി ഉൗരിൽ 40ൽപരം ആദിവാസി കുടുംബങ്ങളാണുള്ളത്. ഇവരിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും ശുദ്ധജലം കിട്ടാനില്ലാത്ത അവസ്ഥയിലാണ്. വർഷങ്ങൾക്ക് മുന്പ് തുടങ്ങിയതും അന്നുതന്നെ പ്രവർത്തനം മുടങ്ങിയതുമായ കുടിവെള്ള പദ്ധതിയുടെ കിണറിൽ നിന്നുള്ള വെള്ളമാണ് ഉൗരിലെ എല്ലാ കുടുംബങ്ങളുടേയും ആശ്രയം. ഇതാകട്ടെ അഴുക്ക് കലർന്ന വെള്ളവുമാണ്.
ഡീസൽ എൻജിനിൽ പ്രവർത്തിച്ചിരുന്ന പദ്ധതി തുടക്കത്തിൽ തന്നെ പല കാരണങ്ങളാൽ പ്രവർത്തനം മുടങ്ങി. പതിറ്റാണ്ടുകളായി അത് പ്രവർത്തിക്കുന്നില്ല. ഈ കിണറിലേക്ക് കഴിഞ്ഞ പ്രളയ ഘട്ടങ്ങളിലെല്ലാം അഴുക്ക് വെള്ളം ഒഴുകിയിറങ്ങുകയും ജലം മലിനമാകുകയും ചെയ്തു. ആ മലിനജലമാണ് ഉൗരിലെ കുടുംബങ്ങൾ കുടിക്കാനായി ഉപയോഗിക്കുന്നത്.
പല വീടുകളിലും ശൗചാലയവുമില്ല. ഈ അടിസ്ഥാന സൗകര്യങ്ങൾ തങ്ങൾക്ക് ഇന്നും അന്യമാണെന്നാണ് ഉൗരിലെ സ്ത്രീകളുടെ പരാതി. തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ രാഷ്ട്രീയക്കാർ വാഗ്ദാനങ്ങൾ നൽകി മടങ്ങുമെന്നല്ലാതെ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്ന വിമർശനവും ഇവർക്കുണ്ട്.
Tags : District News Nattuvishesham Drinking water Kuppachi Oor