തൊടുപുഴ: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന "തൂഫാന് ദി നാര്‍ക്കോ ഹണ്ട്' പദ്ധതി ജില്ലയില്‍ ശക്തമായി മുന്നോട്ട്. ജൂണ്‍ രണ്ടു മുതല്‍ ഈ മാസം ഒന്നുവരെ ജില്ലയില്‍ 464 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ലഹരിയുമായി 505 പേര് അറസ്റ്റിലായി. പ്രതികളില്‍നിന്ന് 113.21 ഗ്രാം ഹാഷിഷ് ഓയില്‍, 30.93 ഗ്രാം എംഡിഎംഎ, 0.102 ഗ്രാം എല്‍എസ്ഡി സ്റ്റാമ്പ്, 22.103 കിലോ കഞ്ചാവ്, 247 കഞ്ചാവ് ബീഡികള്‍, 30 കഞ്ചാവ് ചെടികള്‍ എന്നിവ പിടിച്ചെടുത്തു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ മുരിക്കാശേരി പാവനാത്മാ കോളജില്‍ മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ തൂഫാന് വാരിയേഴ്സായി തെരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കും. തൂഫാന് പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രി ഇന്ന് ജില്ലയിലെത്തുന്നത്.
ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒട്ടേറെ മാഫിയാ സംഘങ്ങളെ ചുരുങ്ങിയ കാലയളവിനുള്ളില്‍ പോലീസിന് പിടികൂടാനായി. ജില്ലയില്‍നിന്നുള്ള ലഹരിസംഘങ്ങള്‍ക്കു പുറമേ അന്യ ജില്ലകളില്‍നിന്നുള്ളവരും പിടിയിലായിരുന്നു. ജില്ലയില്‍ ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. കഞ്ചാവിനു പുറമേ രാസലഹരിയാണ് ഇപ്പോള്‍ കൂടുതലായി വില്‍പ്പന നടത്തുന്നത്. പിടിയിലായവരില്‍ ഏറെയും യുവാക്കളാണ്.
എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും
ഏതാനും ദിവസം മുമ്പ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാലു യുവാക്കള്‍ തൊടുപുഴ പോലീസിന്റെ പിടിയിലായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഇടവെട്ടി തേക്കിന്‍കാട്ടില്‍ ഷിയാസ് ഷാജി (35), ചീങ്കല്ലേല്‍ അര്‍ഷിദ് ജബ്ബാര്‍ (35), കുമാരമംഗലം കാണിപ്പറമ്പില്‍ നിഹാല്‍ ഷെഫീഖ് (22), തൊടുപുഴ ഈസ്റ്റ് ഓലിക്കല്‍ ഒ.എസ്.ആഷിക്ക് (23) എന്നിവരാണ് 18.21 ഗ്രാം എംഡിഎംഎയും10.20 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്.
ഹൈബ്രിഡ് കഞ്ചാവുമായി രാജകുമാരി സ്വദേശികളായ ആവണക്കംചാല്‍ ശൗര്യാംമാക്കല്‍ ജോയല്‍ ജോര്‍ജ് (28), മാണിക്കല്‍ എം.എസ്. ആനന്ദ് (30), പന്നിയാര്‍ പച്ചേലില്‍ ജോയല്‍ ജോസ് (25) എന്നിവരെ കഴിഞ്ഞ 20ന് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ പക്കല്‍നിന്നു 18.170 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
കണ്ണൂര്‍ പൊയിലൂര്‍ പൊക്കയന്റവിട പി. അരുണ്‍ (30) പിടിയിലായത് 14.44 ഗ്രാം കഞ്ചാവ്, 0.38 ഗ്രാം എംഡിഎംഎ എന്നിവ ഉള്‍പ്പെടെയാണ്. വാളാര്‍ഡി 62-ാം മൈല്‍ ഭാഗത്ത് വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന പ്രതിയുടെ കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ മാറ്റിനടിയില്നിന്നാണ് വണ്ടിപ്പെരിയാര്‍ പോലീസ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.
ഇരട്ടയാര്‍ ഉപ്പുകണ്ടം കൊല്ലംപറമ്പില്‍ കെ.ആര്. രാംകുമാര്‍ (30) 03.950 ഗ്രാം എംഡിഎംഎയുമായാണ് തങ്കമണി പോലീസിന്റെ പിടിയിലായത്. ഇടുക്കി വണ്ടന്മേട് രാജാക്കണ്ടം മംഗലംപടി മൂന്നാനിയില്‍ പ്രസൂണ്‍ പ്രതാപചന്ദ്രനെ (32) 8.12 ഗ്രാം ഹാഷിഷ് ഓയിലും 1.70 ഗ്രാം എംഡിഎംഎയുമായി കട്ടപ്പന പോലീസ് പിടികൂടി.
തൊടുപുഴ ഡിവൈഎസ്പിയുടെ സ്ക്വാഡും കരിമണ്ണൂര്‍ പോലീസും ചേര്‍ന്ന് എംഡിഎംഎയുമായി കരിമണ്ണൂര്‍ ചിലവ് ഭാഗത്തുനിന്നു മൂവര്‍സംഘത്തെ പിടികൂടിയിരുന്നു. ഉടുമ്പന്നൂര്‍ തൊട്ടിപ്പറമ്പില്‍ ഫൈസല്‍ ജബ്ബാര്‍ (33), ചിലവ് പാലക്കാട്ട് അജില്‍ (29), സഹോദരന് അഖില്‍ (22) എന്നിവർ 20 ഗ്രാം എംഡിഎംഎയുമായി പിടിയിലായി.
കരിങ്കുന്നം കുഴിമറ്റം ഭാഗത്തിന്നു 9.969 കിലോ കഞ്ചാവുമായി കരിങ്കുന്നം തട്ടാരത്തട്ട കുന്നേല്‍ ഷിന്‍സ് അഗസ്റ്റിന് (29), കോടത്തുതറയില് അശ്വല്‍ രാജ് (24), പൂവരണി കാഞ്ഞിരത്തിങ്കല്‍ ജിജോ ജോര്‍ജ് (40) എന്നിവർ പിടിയിലായിരുന്നു. ഇതിനു പുറമേ ചെറുതും വലുതുമായ ഒട്ടേറെ കേസുകളും പോലീസ് രജിസ്റ്റര്‍ ചെയ്തു.
ജില്ലാ സന്ദേശയാത്ര സമാപിച്ചു
ചെറുതോണി: തൂഫാൻ ദ് നാർക്കോ ഹണ്ട് ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി പാവനാത്മാ കോളജിന്റെ നേതൃത്വത്തിൽ മുരിക്കാശേരിയിൽനിന്നു ലഹരിമുക്ത ജില്ലാ സന്ദേശയാത്ര നടത്തി. കഴിഞ്ഞ18 മുതൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പാവനാത്മാ കോളജിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ പ്രതിജ്ഞ ഉൾപ്പെടെയുള്ള വിവിധ ബോധവത്കരണ പരിപാടികളുമായാണ് സന്ദേശയാത്ര സംഘടിപ്പിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സ്കൂൾ, കോളജ് വിദ്യാർഥികളും അധ്യാപകരും അനധ്യാപകരും പോലീസും ജനപ്രതിനിധികളും പൊതുജനങ്ങളും സന്ദേശയാത്രയുടെ ഭാഗമായി.
തൂഫാൻ ജില്ലാതല ഉദ്ഘാടനത്തിനു മുന്നോടിയായി സംഘടിപ്പിച്ച പരിപാടികൾക്ക് കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, ബർസാർ ഫാ. വിൽസൺ മണിയാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിൻസ് മാത്യു എന്നിവർ നേതൃത്വം നൽകി.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട്ലഹരി മാഫിയ
വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളില്‍നിന്നെത്തി സ്വകാര്യ ഹോസ്റ്റലുകളിലും ഹോം സ്റ്റേകളിലും വാടകവീടുകളിലും കഴിയുന്ന വിദ്യാര്‍ഥികളാണ് കൂടുതലായി ലഹരിക്കച്ചവടക്കാരുടെ ആകര്‍ഷണ വലയത്തില്‍ വീഴുന്നത്. അവധി ലഭിച്ചാലും വീടുകളില്‍ പോകാതെ ഹോസ്റ്റലുകളിലും ഹോംസ്റ്റേകളിലും കഴിയുന്ന വിദ്യാര്‍ഥികള്‍ തൊടുപുഴ നഗരത്തില്‍ അസമയത്തുപോലും ചുറ്റിക്കറങ്ങുന്നത് പതിവു കാഴ്ചയാണ്. ലഹരി ഉപയോഗവും വില്‍പ്പനയും തുടരുമ്പോഴും പിടിക്കപ്പെടുന്നവരില്‍ മാത്രമായി അന്വേഷണം ഒതുങ്ങുകയാണെന്നും ഇതിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം നടക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
ജില്ലയില്‍ ലഹരിവസ്തുക്കളുടെ വ്യാപാരമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ തൂഫാന് കണ്ട്രോള് റൂം നമ്പരായ 9497932508 ല്‍ അറിയിക്കാം. സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
Tags : Nattuvishesham Districtnews Deepikanews Drug Menace