:ഉദയനാപുരത്ത് മൂവാറ്റുപുഴയാറിന്റെ സമീപത്ത് മനയ്ക്കകലുങ്ക് - നാനാടം റോഡിലെ തുരുത്തേപ്പറമ്പിൽ ഹോട്ടൽ മാലിന്യമടക്കം തള്ളിയ നിലയിൽ
വൈക്കം: വൈക്കത്തെ വിവിധ ഭാഗങ്ങളിൽ ജലാശയങ്ങളിൽ വൻ തോതിൽമാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. മൂവാറ്റുപുഴയാറിലും നാട്ടുതോടുകളിലുമാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ഉദയനാപുരത്ത് മൂവാറ്റുപുഴയാറിലും പരിസരത്തും വൻതോതിൽ മാലിന്യം തള്ളിയിരുന്നു.
ഉദയനാപുരത്ത് മൂവാറ്റുപുഴയാറിന്റെ സമീപത്ത് മനയ്ക്കകലുങ്ക് - നാനാടം റോഡിലെ തുരുത്തേപ്പറമ്പിലാണ് കഴിഞ്ഞരാത്രി ഒരു ലോഡ് അഴുകിയ ഹോട്ടൽ മാലിന്യമടക്കമുള്ളവയാണ് തള്ളിയത്. പുഴയിൽ തള്ളാൻ കൊണ്ടുവന്ന മാലിന്യമാണ് മഴയിൽ വാഹനം താഴ്ന്നതോടെ പറമ്പിൽ തള്ളി കടന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഒരാഴ്ച ഈ പുരയിടത്തിന് സമീപം പുഴയിൽ മാലിന്യം തള്ളിയിരുന്നു. എന്നാൽ തുരുത്തേപറമ്പിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ തള്ളിയ മാലിന്യം നീക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ.
പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് പറഞ്ഞിട്ടും പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാൻ തയ്യാറായില്ലെന്നാണ് ആരോപണം. മാലിന്യം തള്ളുന്നത് പതിവായതോടെ മാലിന്യം കൊണ്ടുവരുന്നവരെ പിടികൂടാൻ നാട്ടുകാർ പദ്ധതിയിടുന്നതിനിടെയാണ് കഴിഞ്ഞ രാത്രിയിലെ കനത്ത മഴക്കിടയിൽ ഇവർ പറമ്പിൽ മാലിന്യം തള്ളിയത്.
കൊല്ലത്തുനിന്നുള്ള സ്ഥാപനങ്ങളുടെ രേഖകൾ മാലിന്യത്തിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൈക്കാട്ടുശേരിയിലെ പള്ളി ഒരാൾക്ക് കൊടുത്ത 10സെന്റ് സ്ഥലത്താണ് മാലിന്യം തള്ളി കടന്നുകളഞ്ഞത്. കടുത്ത ദുർഗന്ധംവമിക്കുന്ന മാലിന്യം സമീപ സ്ഥലങ്ങളിലേക്ക് ഒഴുകി പരക്കുന്ന നിലയിലാണ് . ദുർഗന്ധം പരന്നതോടെ പുരയിടത്തിന്റെ സമീപപ്രദേശത്തുള്ള 25 ഓളം കുടുംബങ്ങളും ദുരിതത്തിലായി.
അഴുകി ഈച്ചയാർക്കുന്ന മാലിന്യം മഴയിൽ പ്രദേശമാകെ വ്യാപിക്കാനും പുഴയിലേക്ക് ഒഴുകിയിറങ്ങാനുമിടയുണ്ട്. രണ്ടാഴ്ചയിലധികമായി രാത്രിയിൽ ലോഡ് കണക്കിനു മാലിന്യം ഇതിവഴി കൊണ്ടുവന്ന് മൂവാറ്റുപുഴയാറിൽ തള്ളുന്നതായി പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസം മറവൻതുരുത്ത് പഞ്ചായത്ത് പത്താം വാർഡിലെ പാടശേഖരത്തിൽ തള്ളാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യം നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയിരുന്നു. ഞായറാഴ്ച വെളുപ്പിന് രണ്ടോടെ മൂഴിക്കൽ വായനശാലയ്ക്ക് സമീപത്താണ് മാലിന്യം തള്ളിയത്.
കടൂക്കര മൂഴിക്കൽ സ്വദേശി സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായിരുന്നു. എറണാകുളം ഭാഗത്തുനിന്നും കൊണ്ടുവന്ന ആശുപത്രി മാലിന്യങ്ങൾ മൂഴിക്കൽ പ്രദേശത്തെ എറണാകുളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ളപാടശേഖരത്തിൽ തള്ളാനാണ് ഇയാൾ ശ്രിച്ചത്.
ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന കയ്യുറകളും മറ്റ് ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങളും കാന്റീൻ ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെയുള്ളവയാണ് വള്ളത്തിൽ കൊണ്ടുവന്നത്. പഞ്ചായത്തംഗങ്ങളായ ആർ.അനീഷ്, ബിന്ദു പ്രദീപ്, മുൻ പഞ്ചായത്തംഗം ഇ.പി. സന്തോഷ്, പ്രദേശവാസികളായ അശോകൻ, അജി, ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യക്കടത്ത് തടഞ്ഞത്. സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു.
Tags :