നവീന്‍ സുരേഷ്
പേരൂര്‍ക്കട: നിരവധി ക്രിമിനല്‍ക്കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പുത്തന്‍കോട്ട സ്വദേശിയും ദേവിനഗര്‍ വലിയവിളാകത്ത് വീട്ടില്‍ താമസക്കാരനുമായ നവീന്‍ സുരേഷ് (32) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം ജില്ലയില്‍ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, കൊലപാതകം, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 34-ഓളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കേരളത്തിനു പുറത്തുള്ള കളിയിക്കാവിള പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരേ രണ്ടു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
നഗരത്തിലെ ചില ക്രിമിനല്‍ സംഘങ്ങളുടെ സഹായത്തോടെ വിവിധ സ്ഥലങ്ങളില്‍ അനാശാസ്യ കേന്ദ്രങ്ങള്‍ നടത്തി വന്നിരുന്നതും ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവരെ ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയിരുന്നതിനും നിരവധി കേസുകള്‍ പ്രതിയുടെ പേരില്‍ നിലവിലുണ്ട്. കൂടാതെ, കോടതികളില്‍ വിചാരണയിലുള്ള കേസുകളില്‍ അനുകൂലമായ വിധി സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഇയാളുടെ രീതിയാണ്.
Tags :