സജീവനും സവിതയും
വൈപ്പിൻ: വൃദ്ധ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞാറക്കൽ താലൂക്ക് ആശുപത്രിക്ക് സമീപം കളത്തിപ്പറമ്പിൽ സജീവൻ(75), ഭാര്യ സവിത (65) എന്നിവരാണ് മരിച്ചത്. ഏക മകന്റെ അകാല മരണത്തിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ മുൻവശത്തെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാവിലെ വീട്ടിൽ എത്തണമെന്ന് സജീവൻ തലേ ദിവസം സഹോദരനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് സഹോദരൻ ഇന്നലെ രാവിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടർന്ന് അയൽവാസി വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടത്.
ഇവരുടെ ഏകമകൻ സിജോയ് ഒരു വർഷം മുമ്പ് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞിരുന്നു .അതിനുശേഷം ഇരുവരും കടുത്ത നിരാശയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആറുമാസം മുമ്പ് ഓവർ ഡോസ് മരുന്ന് കഴിച്ച ശേഷം കൈയിലെ ഞരമ്പ് മുറിച്ച് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. നേരത്തെ വിദേശത്തായിരുന്ന സജീവൻ മടങ്ങിയെത്തിയശേഷം മഞ്ഞനക്കാട് മറൈൻ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു. നിയമവകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു സജിത.
ഞാറക്കൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ.