ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന 'ബിയോണ്ട് ലിമിറ്റ്സ്'
തൃശൂർ: പരിമിതികളെ ചവിട്ടുപടിയാക്കി, സർഗശേഷിയുടെ ചിറകിലേറി അവർ തീർത്തത് പുതിയൊരു ലോകം. ഭിന്നശേഷിക്കാരായ കുട്ടികളുടെയും യുവാക്കളുടെയും കരവിരുതിൽ വിരിഞ്ഞ ഉത്പന്നങ്ങളുടെ കാഴ്ചയൊരുക്കി ബിയോണ്ട് ലിമിറ്റ്സ് ഫ്ളീ മാർക്കറ്റിന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്റ് മാനേജ്മെന്റ് കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശന വിപണി, ഇവരുടെ ആത്മവിശ്വാസവും പ്രതിഭയും വിളിച്ചോതുന്നതായി. കാഴ്ചക്കാരുടെ മനംകവരുന്ന അലങ്കാര വസ്തുക്കൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെയാണ് ഇവർ സ്വന്തം കൈകളാൽ നിർമിച്ച് പ്രദർശനത്തിനും വിൽപ്പനയ്ക്കുമായി എത്തിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾ, കമ്പിളി നൂലുകളിൽ വിരിഞ്ഞ കരകൗശല ഉൽപ്പന്നങ്ങൾ, വൈവിധ്യമാർന്ന ആകൃതിയിലും സുഗന്ധത്തിലുമുള്ള മെഴുകുതിരികൾ, ഓർഗാനിക് സുഗന്ധദ്രവ്യങ്ങൾ എന്നിവ പ്രദർശനഹാളിൽ വേറിട്ടുനിൽക്കുന്നു. അതോടൊപ്പം കുട്ടികൾ നിർമിച്ച അക്വേറിയങ്ങൾ, ചിത്രങ്ങൾ, നാടൻ ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയുൾപ്പെടെ 20ഓളം സ്റ്റാളുകളാണ് മേളയിലുള്ളത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 12 പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ എക്സിബിഷന്റെ ഭാഗമായിരിക്കുന്നത്. ഇന്നലെ മേയർ ഡോ. നിജി ജസ്റ്റിൻ മേള ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇവന്റ് മാനേജ്മെന്റ് കേരള സ്ഥാപകനും ഡയറക്ടറുമായ ധിഷർ അമ്മാനത്ത് അധ്യക്ഷത വഹിച്ചു.
Tags : NattuVishesham DistrictNews