സാലി തോമസ്
കുമളി: കുമളി 66-ാം മൈലിന് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശിനി പുതിയേടത്ത് സാലി തോമസ് (70) ആണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളായ അഞ്ച് പേരാണ് കാറിൽ യാത്ര ചെയ്തിരുന്നത്. വേളാങ്കണ്ണിയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിനു പിന്നാലെ ബസ് നിർത്താതെ ചോറ്റുപാറ ഭാഗത്തേക്കു പോയി.
അപകടം നടന്ന ഉടൻ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സാലി തോമസിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുമളി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബസ് ഡ്രൈവർക്കെതിരേയും കേസെടുത്തു.
സാലി തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. സംസ്കാരം നാളെ 10.30ന് പത്തനംതിട്ട മൈലപ്പറ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ.