പ്രതീകാത്മക ചിത്രം
തൊടുപുഴ: മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കം ജില്ലയില്‍ ജനജീവിതം ദുഃസഹമാക്കുന്നു. തൊടുപുഴ ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ ഇടവിട്ടുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ഏറെ വലയ്ക്കുകയാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വൈദ്യുതി മുടങ്ങുന്നതാണ് ജനജീവിതം ദുരിതത്തിലാക്കുന്നത്. സാധരണ കാറ്റും മഴയും ശക്തമാകുമ്പോഴാണ് വൈദ്യുതി മുടങ്ങുന്നത്.
എന്നാല്‍, തെളിഞ്ഞ കാലാവസ്ഥ ഉള്ളപ്പോള്‍പോലും തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുകയാണ്. ഒരു ദിവസം ഒട്ടേറെ തവണയാണ് വൈദ്യുതി വന്നുംപോയുമിരിക്കുന്നത്. പതിവായുള്ള വൈദ്യുതി മുടക്കത്തിനു കാരണം അന്വേഷിച്ചാല്‍ കെഎസ്ഇബിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ മറുപടിയുമില്ല.
വിവിധ ഓഫീസുകളുടെയും ബാങ്കുകളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനത്തെ വൈദ്യുതി മുടക്കം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ചെറുകിട വ്യവസായ യൂണിറ്റുകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തിനും ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
വൈദ്യുതിയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍, അക്ഷയകേന്ദ്രങ്ങള്‍, സ്റ്റുഡിയോ, കോള്‍ഡ് സ്റ്റോറേജുകള്‍, ഐസ്ക്രീം, ജൂസ് പാര്‍ലറുകള്‍, ഹോട്ടലുകള്‍, പ്രിന്റിംഗ് പ്രസ്, ഫോട്ടോസ്റ്റാറ്റ് സ്ഥാപനങ്ങള്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളും വൈദ്യുതി മുടക്കംമൂലം പ്രതിസന്ധി നേരിടുകയാണ്.
വീടുകളിലാകട്ടെ കിണറ്റില്‍നിന്നു മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പമ്പു ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് വൈദ്യുതി മുടക്കം തടസമാകുന്നത്. വീടുകളിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങളും പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതിയാണ്. വൈദ്യുതി മുടക്കത്തിനു പുറമേ വോള്‍ട്ടേജ് വ്യതിയാനവും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. രാത്രിയില്‍ പതിവായി വോള്‍ട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്നതിനാല്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് ജനങ്ങളുടെ പരിദേവനം.
വൈദ്യുതി മുടക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി മറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രാജ്കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധയോഗം കര്‍ഷകമോര്‍ച്ച പ്രസിഡന്റ് അയ്യപ്പന് ഉദ്ഘാടനം ചെയ്തു.