പേരൂര്‍ക്കട: സൈനിക ക്യാന്പിൽ നിന്ന് ആനക്കൊമ്പ് കാണാതായതുമായി ബന്ധപ്പെട്ട് ഇരുനൂറോളം പേരെ പൂജപ്പുര പോലീസ് ഇതുവരെ ചോദ്യം ചെയ്തു. എന്നാല്‍ പോലീസിന് ഇനിയും യാതൊരു വ്യക്തതയും കൈവന്നിട്ടില്ല.
ഈമാസം 11നാണ് പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന രണ്ട് ആനക്കൊമ്പുകള്‍ കാണാതായത്. മദ്രാസ് റെജിമെന്റിന് കരസേനാ മേധാവിയുടെ കമന്‍ഡേഷന്‍ ലഭിച്ചതുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ക്ക് നടത്തിയ ഡിജെ പാര്‍ട്ടിക്കുശേഷമാണ് കൊമ്പുകള്‍ കാണാതായതെന്ന് പോലീസും ഉറപ്പിക്കുന്നുണ്ട്. ഇതുവരെ സ്വകാര്യവ്യഹനങ്ങളെല്ലാം പോലീസ് പരിശോധിച്ചു കഴിഞ്ഞു.
എന്നാല്‍ സൈനികരുടെ വാഹനങ്ങള്‍ പരിശോധന നടത്തുന്നതില്‍ പരിമിതിയുണ്ടെന്നും എന്നാല്‍ ആ വഴിക്കുള്ള അന്വേഷണവും നടന്നുവരുന്നുണ്ടെന്നും പോലീസ് അറിയിച്ചു. ആനക്കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്ത് സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതാണ് അന്വേഷണത്തിനുള്ള പ്രധാന വെല്ലുവിളി. ലഭ്യമായ വിരലടയാളങ്ങളെല്ലാം പോലീസ് ശേഖരിച്ചുവരുന്നുണ്ട്. അതേസമയം അന്വേഷണവുമായി ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ എന്തെങ്കിലും തെളിവു ലഭിക്കുമെന്നുമുള്ള നിഗമനത്തിലാണ് പോലീസെന്നും പൂജപ്പുര സി.ഐ പറഞ്ഞു.
Tags : nattu vishesham elephant tusks incident