വണ്ടുകളുടെ കുത്തേറ്റ് ചേർത്തല താലൂക്കാശുപത്രിയിൽ കഴിയുന്നവർ.
ചേർത്തല: തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്ന വനിതാ തൊഴിലാളികൾക്കു വണ്ടിന്റെ ആക്രമണം. ഏഴു പേർക്ക് കുത്തേറ്റു.
ഗിരിജ, പുഷ്പി, ബീന, മഞ്ജു, സാവിത്രി, ബിൻസി, ലില്ലി എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഏഴുപേരെയും ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ രണ്ടാം വാർഡിൽ അധികം ആളനക്കമില്ലാത്ത കാടുപിടിച്ച വഴി വൃത്തിയാക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം.
പ്രദേശത്തെ കാട് വെട്ടിത്തെളിക്കുന്നതിനായി പന്ത്രണ്ടോളം തൊഴിലാളികളാണു സ്ഥലത്തുണ്ടായിരുന്നത്.
ജോലി ചെയ്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കൂട്ടത്തോടെ എത്തിയ കറുപ്പും മഞ്ഞയും നിറത്തിലുള്ള കൂറ്റൻ വണ്ടുകൾ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ആദ്യം ചില തൊഴിലാളികൾ വണ്ടുകൾ വരുന്നതു കണ്ടതോടെ മറ്റുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറിനിൽക്കാൻ നിർദേശിച്ചെങ്കിലും വണ്ടുകൾ തൊഴിലാളികളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് തൊഴിലുറപ്പ് തൊഴിലാളി ലീഡർ ലില്ലി പറഞ്ഞു.
ആക്രമണത്തിനു ശേഷം തൊഴിലാളികൾക്കു മുറിവുകളിൽ മഞ്ഞൾപ്പൊടിയും മറ്റും പുരട്ടിയാണ് പ്രാഥമിക പരിചരണം നൽകിയത്. കുത്തേറ്റ ചിലർക്ക് തളർച്ചയും ശക്തമായ തലവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ചേർത്തല താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
Tags : workers stung by wasps; seven hospitalized Nattuvishesham DistrictNews