ചേര്ത്തല കെഎസ്ആർടിസി ഡിപ്പോയിൽ പെട്രോൾപമ്പിൽ ഇന്ധനം നിറയ്ക്കുന്ന നോസിൽ കേടായതിനെത്തുടർന്ന് മാറ്റിയപ്പോൾ. മാറ്റിയ നോസിൽ താഴെ കാണാം.
ചേർത്തല: കെഎസ്ആർടിസി ഡിപ്പോയിലെ പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന നോസിൽ കേടായതിനെത്തുടർന്ന് ഇന്ധനം നിറക്കാതെ വന്നതോടെ ബസുകളുടെ ഓട്ടം മുടങ്ങി. അനവധി ദീർഘദൂര ബസുകൾ ഇന്ധനം നിറയ്ക്കാതെ മടങ്ങി.
തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. പമ്പിലെ ടാങ്കിൽനിന്ന് വാഹനത്തിന്റെ ഇന്ധന ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാനായി ഘടിപ്പിക്കുന്ന നോസിൽ തകരാറായതിനെത്തുടർന്ന് ഡീസൽ പുറത്തേക്കു ചീറ്റുകയായിരുന്നു. ഉടൻതന്നെ ഡിപ്പോയിലെ വർക്ക് ഷോപ്പ് ചുമതലയിലുണ്ടായിരുന്നവർ ഓടിയെത്തി ഇന്ധനം പുറത്തേക്ക് ഒഴുകുന്നത് നിർത്തി.
പിന്നീട് ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾക്ക് ഇന്ധനം നിറയ്ക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇന്ധനം മുഴുവനും തീർന്നുപോയ ചില ബസുകൾ ഓട്ടം നിർത്തി ബസിലുണ്ടായിരുന്നവരെ മറ്റ് ബസുകളിൽകയറ്റിവിട്ടു. ഇന്ധനം നിറയ്ക്കുന്ന നോസിലിനും ഹോസിനും ഇടയിലുള്ള വാഷർ തേഞ്ഞുപോയതാണ് ചോർച്ചയ്ക്കു കാരണം.
അപകടസാധ്യത ഒഴിവാക്കാൻ ജീവനക്കാർ ഉടൻതന്നെ പമ്പിന്റെ പ്രവർത്തനം നിർത്തിവച്ച് സുരക്ഷാ നടപടികൾ സ്വീകരിച്ചു. എന്നാൽ ഇന്ധനം ലഭിക്കാതെ വന്നതോടെ ഡിപ്പോയിൽനിന്ന് പുറപ്പെടേണ്ട നിരവധി സർവീസുകൾ വൈകി. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. തുടർന്ന് അധികൃതർ യാത്രക്കാരെ മറ്റ് ബസുകളിൽ കയറ്റിവിട്ടാണ് താത്കാലികമായി പ്രതിസന്ധി പരിഹരിച്ചത്.
മണിക്കൂറുകൾക്ക് ശേഷം വിദഗ്ധരെത്തി തകരാറിലായ ഭാഗം മാറ്റി പുതിയത് ഫിറ്റ് ചെയ്തു. തുടർന്ന് ലീക്കില്ലെന്ന് പൂർണമായി ഉറപ്പുവരുത്തിയ ശേഷമാണ് പമ്പിന്റെ പ്രവർത്തനം പുനരാരംഭിച്ചതും സർവീസുകൾ സാധാരണ നിലയിലായതും.
Tags : Fuel-dispensing nozzle at pump malfunctions Nattuvishesham DistrictNews