ചമ്പക്കുളം: ദേശീയതൊഴിലുറപ്പ് പദ്ധതി കുട്ടനാട്ടിലെ നെൽകൃഷി മേഖലയിൽ സ്ത്രീ തൊഴിലാളി ക്ഷാമം രൂക്ഷമാക്കുന്നു. നെൽകൃഷിയുടെ കളപറി, പറിച്ച്നടീൽ തുടങ്ങിയ ജോലികൾ ചെയ്യുന്നത് സ്ത്രീ തൊഴിലാളികളാണ്. അടുത്ത കാലത്തായി പാടശേഖരങ്ങളിൽ മേൽ പറഞ്ഞ ജോലികൾ ചെയ്യാൻ സ്ത്രീ തൊഴിലാളികളെ കിട്ടാനില്ലാതെ കർഷകർ ബുദ്ധിമുട്ടുന്നു. സ്ത്രീതൊഴിലാളികൾ ജോലി ചെയ്യാൻ തയാറാണെങ്കിലും, കുറച്ച് ദിവസത്തേക്ക് പാടത്ത് ജോലിക്കിറങ്ങി തിരിച്ചു ചെല്ലുമ്പോൾ തൊഴിലുറപ്പ് ജോലി നഷ്ടപ്പെടുന്നതുകൊണ്ട് പലരും കൃഷിയിടത്തിൽ ജോലിക്കിറങ്ങാൻ മടിക്കുന്നു.
ഒരു തൊഴിലുറപ്പ് മേറ്റിന് കീഴിൽ 20 തൊഴിലാളികളെങ്കിലുംഒരു ദിവസം ജോലി ചെയ്താൽ മാത്രമേ മേറ്റിന് 700 രൂപ കൂലി ലഭിക്കു. ഒരു തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരുദിവസം 369രൂപയാണ് കൂലി ലഭിക്കുന്നത്. 20 പേരിൽ കുറവായാൽ മേറ്റിന് അനുവദനീയമായ കൂലി ലഭിക്കില്ല. എന്നത് കൊണ്ട്തന്നെ പല മേറ്റ്മാരും കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലിക്ക് പോകുന്നതിനെ നിരുത്സാഹപ്പെടുത്തുകയാണ്.
തുടർച്ചയായി അഞ്ച് ദിവസം തൊഴിലുറപ്പ് ജോലിക്ക് എത്തിയില്ലെങ്കിൽ തുടർന്ന് വരുന്ന ജോലിക്കാരുടെ ലിസ്റ്റിൽനിന്ന് തൊഴിലാളികൾ ഒഴിവാക്കപ്പെടും. നെൽകൃഷിയിടത്തിലെ ജോലിക്ക് പോകുന്നതിന്റെപേരിൽ കൂടുതൽ തൊഴിൽ ദിനങ്ങൾനഷ്ടപ്പെടും എന്നതിനാലാണ് പലസ്ത്രീ തൊഴിലാളികളും കൃഷിയിടത്തിൽ ജോലിക്ക് പോകാതിരിക്കുന്നത്.
കുട്ടനാടൻ കാർഷികമേഖലയിൽ സ്ത്രീതൊഴിലാളിക്ക് 650 രൂപയാണ് ദിവസകൂലി. ഭൂരിപക്ഷം കർഷകരും ഇതോടൊപ്പം ഭക്ഷണവും നല്കാറുണ്ട്. കൂടുതൽ കൂലി ലഭിക്കുന്നതുകൊണ്ടും, കൃഷിയോടുള്ള താത്പര്യം കൊണ്ടും പലർക്കും ഈ ജോലി ചെയ്യണമെന്നുണ്ടെങ്കിലും ഇതിന് സാധിക്കാതെ വരുന്നു.
കുട്ടനാട്ടിലെ കാർഷികമേഖലയിലെ സ്ത്രീ തൊഴിലാളി ക്ഷാമം ഒഴിവാക്കുന്നതിന് അനുയോജ്യമായ രീതിയിൽ കുട്ടനാട്ടിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ വ്യവസ്ഥകളിൽ മാറ്റം അനിവാര്യമായിരിക്കുന്നു. തൊഴിലുറപ്പ് ജോലിയിൽ പങ്കെടുക്കുന്ന കുറച്ച് തൊഴിലാളികൾ മാത്രമാണ് കാർഷികമേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നതും അതിന് കായികശേഷിയുള്ളതും. അങ്ങനെയുള്ള തൊഴിലാളികളുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി കാർഷികമേഖലയിൽ പണി യെടുക്കാൻ അവർക്ക് അവസരം ഒരുക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം കാർഷിക മേഖലയിൽ ജോലിക്ക് പോയാൽ താരതമ്യേന ബുദ്ധിമുട്ട് കുറഞ്ഞ തൊഴിലുറപ്പ് ജോലി നഷടപ്പെടും എന്ന സാഹചര്യമാണ് ഇപ്പോൾ നിലനില്ക്കുന്നത്.
താത്പര്യമുള്ള തൊഴിലാളികളെ കൂടി കാർഷികമേഖലയിൽ നിന്ന് അകറ്റുന്ന ഈ രീതിക്ക് മാറ്റം വരണമെന്നതാണ് കർഷകരുടെ ആവശ്യം.
കാർഷിക മേഖലയിലെ തൊഴിലുകൾ ചെയ്യാൻ തയാറാകുന്ന അതിനായി പ്രത്യേകം രജിസ്റ്റർ ചെയ്യുന്ന തൊഴിലാളികളെ അവർ കാർഷികമേഖലയിൽ ജോലി ചെയ്യുന്ന ദിവസങ്ങൾകൂടി തൊഴിലുറപ്പ് ദിനങ്ങളായിതന്നെ പരിഗണിക്കുകയും തൊഴിലുറപ്പ് കൂലി കഴിച്ചുള്ള കൂലി മാത്രം കർഷകൻ നല്കുന്ന ഒരു വ്യവസ്ഥകൂടി കൊണ്ടുവന്നാൽ തൊഴിലുറപ്പ് കാർഷികമേഖലയുടെ പോഷണത്തിനും കർഷകർക്ക് ഒരു കൈത്താങ്ങായും മാറ്റാൻ കഴിയും. അതിനായുള്ള വ്യവസ്ഥ കൾകൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം എന്നതാണ് കർഷകരുടെ ആവശ്യം.
Tags : nattu vishesham Employment Labor shortage farming secto