പ്രതീകാത്മക ചിത്രം
സ്വന്തം ലേഖകന്
തിരുവനന്തപുരം: ഗാന്ധിജിയുടെ ജീവിതവും സന്ദേശവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തി മൂല്യാധിഷ്ഠിത പൗരന്മാരാക്കി വളര്ത്തുന്നതിന്റെ ഭാഗമായി ഗാന്ധി സ്മാരക നിധിയില് സംഘടിപ്പിച്ചുവരുന്ന ഗാന്ധി കലോത്സവത്തില് പങ്കെടുത്ത് ആയിരക്കണക്കിനു കുട്ടികള്.
ഗാന്ധി കലോത്സവത്തോടനുബന്ധിച്ച് ഇന്നലെ സംഘടിപ്പിച്ച ദേശഭക്തി ഗാന മത്സരത്തില് വിവിധ സ്കൂളുകളില് നിന്നായി 1500ഓളം കുട്ടികള് പങ്കെടുത്തു. എല്പി, യുപി, ഹൈസ്കൂള് വിഭാഗങ്ങള്ക്കായി പ്രത്യേക മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച ആരംഭിച്ച കലോത്സവം ഇന്നു സാപിക്കും. ഇന്നു പ്രധാനമായും പ്രസംഗ മത്സരങ്ങളാണ് നടക്കുന്നത്. രണ്ടാംദിന മത്സരങ്ങള് "ഇഴകള്ക്കപ്പുറം' എന്ന ഗാന്ധി സിനിമയുടെ നിര്മാതാവും സംവിധായകനുമായ എസ്. വേണു നായര് ഉദ്ഘാടനം ചെയ്തു.
മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ഗാന്ധി കലോത്സവം 2026-ല് 3500 കുട്ടികളാണ് പങ്കെടുക്കുന്നത്. കേരളാ ഗാന്ധി സ് മാരക നിധിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ എല്ലാ എല്പി, യുപി, എച്ച്എസ് സ്കൂളുകളില് നിന്നും സ്കൂള് തലത്തില് നടത്തിയ ഒന്നാംഘട്ട മത്സരങ്ങളില് ഒന്നാം സ്ഥാനം കിട്ടിയ കുട്ടികളാണ് ഫൈനല് മത്സരങ്ങളില് പങ്കെടുക്കുന്നത്. ഗാന്ധിയന് വിഷയങ്ങളില് നടക്കുന്ന തികച്ചും വ്യത്യസ്തമായ ഈ പരിപാടി കാണുന്നതിന് ഒട്ടേറെ നഗരവാസികളുമെത്തി.
ഗാന്ധി കലോത്സവം കുട്ടികളെ കര്മോത്സുകരാക്കുന്നുവെന്നും അവരില് സത്യത്തിന്റെ യും അഹിംസയുടെയും സേവനത്തിന്റെയും സ്വദേശിയുടെയും ബാലപാഠങ്ങള് വര്ത്തിയെടുക്കുന്നതിന് സഹായിക്കുന്നുവെന്നും കലോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് നിയമസഭാ സ്പീക്കര് തിരുവഞ്ചൂര് രാധാകൃഷ്ണന് പറഞ്ഞു.
മത്സരങ്ങളില് സമ്മാനം കിട്ടുകയെന്നതല്ല, മറിച്ച് പങ്കാളികളാകുകയെന്നതാണ് മുഖ്യം. പങ്കാളിത്തമനോഭാവം വ്യക്തിത്വ വികസനത്തിനും ഐക്യബോധത്തിനും ദേശീയബോധത്തിനും അത്തരമൊരു മനോഭാവം വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില് കേരള ഗാന്ധി സ്മാരക നിധി ചെയര്മാന് ഡോ. എന്. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗാന്ധി ദര്ശന് ഡയറക്ടര് ഡോ. ജേക്കബ് പുളിക്കന്, കേരള ഗാന്ധി സ്മാരക നിധി സെക്രട്ടറി ടി.ആര്. സദാശിവന് നായര്, അഡ്വ. എസ്. ഉദയകുമാര്, ഗാന്ധി സ്മാരക നിധി ജോയിന്റ് സെക്രട്ടറി വി.കെ. മോഹന് തുടങ്ങിയവര് പ്രസംഗിച്ചു.