പ്രതീകാത്മക ചിത്രം
പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പുറപ്പടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകളില്‍ നിലനിൽക്കുന്ന ആശങ്കയുടെ പശ്ചാത്തലത്തിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് തുടക്കമാകുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഴാമത്തെ വിജ്ഞാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ്. ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണിവ. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഈ വില്ലേജുൾ പ്രഖ്യാപിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
2024 ലെ കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്എ ഉള്‍പ്പെട്ടിരുന്നത് പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായി ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടുവാന്‍ കാരണമായതെന്ന് പറയുന്നു.
ഇഎസ്എ പ്രഖ്യാപനത്തിനു മുന്‍പ്
ജനങ്ങളെ ബോധവത്കരിക്കണം
പരിസ്ഥിതി ലോല പ്രഖ്യാപനം അന്തിമമാകുന്നതിനു മുന്‍പായി ജനങ്ങളെ ബോധവത്കരിക്കാൻ റവന്യു, വനം വകുപ്പുകൾ തയാറാകണമെന്ന് കോന്നി പ്രകൃതി സംരക്ഷണ സമിതി യോഗം അഭിപ്രായപ്പെട്ടു.
കൃത്യമായ ഗ്രൗണ്ട് സർവേയിലൂടെ ജനവാസ മേഖലകളെ ഒഴിവാക്കുകയും, കൈയേറിയ റവന്യു-വനഭൂമി തിരിച്ചുപിടിക്കുകയും ചെയ്യുന്നതോടൊപ്പം, ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് അനുമതിയുള്ളത്, എന്തിനൊക്കെയാണ് നിയന്ത്രണം എന്നീ കാര്യങ്ങളിൽ ശരിയായ ബോധവത്കരണം അടിയന്തിരമായി നടത്തുന്നതിന് റവന്യു-വനം വകുപ്പ് അധികാരികൾ രംഗത്തിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു.
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ, റോഡുകളുടെ ടാറിംഗ്, അറ്റകുറ്റപ്പണികൾ, തെരുവ് വിളക്ക് സ്ഥാപിക്കൽ, വൈദ്യുതി-ഇന്റർനെറ്റ് ലൈനുകൾ വലിക്കൽ തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങളെല്ലാം തദ്ദേശ സ്ഥാപങ്ങൾ വഴി തുടർന്നും നടത്താനാകുമെന്നാണ് സൂചന.
സലിൽ വയലാത്തല അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. കൃഷ്ണകുമാർ, എസ്. അഞ്ജിത, കെ.എസ്. ദിലീപൻ, എം. അനിൽകുമാർ, ബിനു പി. വിനോദ് എന്നിവർ പ്രസംഗിച്ചു.