ചെറുതോണി : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മറ്റു മേഖലകളിൽ മികവു പുലർത്തിയ വ്യക്തികളെയും മരിയാപുരം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇടുക്കി സാംസ്കാരിക നിലയത്തിൽ നടന്ന യോഗം റോയി കെ. പൗലോസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലും തൊഴിൽ മേഖലയിലും സംഭവിച്ച ക്രമക്കേടുകളാണ് പഠിച്ചിറങ്ങുന്ന യുവാക്കളെ പുറംനാടുകളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് സർവീസ് കമ്മീഷന്റെപോലും വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ അവയെല്ലാം തിരികെ കൊണ്ടുവരാൻതക്ക മൂല്യാധിഷ്ടിത വിദ്യാഭ്യാസരീതി പുതിയ സർക്കാർ ആവിഷ്കരിക്കുമെന്ന്എംഎൽഎ പറഞ്ഞു.
മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ ജോസ് സെബാസ്റ്റ്യൻ, 42 തവണ രക്തദാനം നടത്തിയ ജോബി ഈരൂരിക്കൽ, സാമൂഹ്യ പ്രവർത്തകൻ ബിജു മാത്യു എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി അധ്യക്ഷത വഹിച്ചു.