നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലും സമീപ പഞ്ചായത്തുകളിലും വൻ കൃഷി നാശം. നൂറുകണക്കിന് വാഴകള്‍ നശിച്ചു. നെയ്യാറ്റിന്‍കരയില്‍ പലയിടത്തും കൃഷിയിടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് പച്ചക്കറി കൃഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇപ്രാവശ്യത്തെ ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത വാഴകളും പച്ചക്കറികളുമൊക്കെയാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയില്‍ നശിച്ചത്.
നെയ്യാര്‍ ഡാമിലെ ഷട്ടര്‍കൂടി തുറന്നതോടെ കൂടുതല്‍ വെള്ളം എത്തിയതും കൃഷി നാശത്തിനു കാരണമായി. കൃഷി ഭവന്റെ പരിധിയില്‍ വഴുതൂര്‍, കീഴ്ക്കൊല്ല, രാമേശ്വരം പ്രദേശങ്ങളിലാണ് വാഴ കൃഷി വന്‍തോതില്‍ നശിച്ചത്. മൂവായിരത്തോളം വാഴകള്‍ നശിച്ചതായാണ് പ്രാഥമിക കണക്ക്. ഇരുപതോളം കര്‍ഷകരാണ് വാഴ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട അപേക്ഷയുമായി കൃഷി ഭവനെ നിലവില്‍ സമീപിച്ചിരിക്കുന്നത്.
താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് വിവിധ പച്ചക്കറിയിനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ പെരുന്പഴുതൂര്‍ കൃഷി ഭവന്റെ അതിര്‍ത്തിയില്‍ വലിയ കൃഷി നാശമില്ല. വടകോട് ഏലായിലും മറ്റുമായി അന്പതിനു താഴെ വാഴകള്‍ക്ക് മാത്രമേ നാശമുണ്ടായുള്ളൂ. ബാലരാമപുരത്ത് ഒരു ഹെക്ടറോളം പ്രദേശത്തെ വാഴകള്‍ നശിച്ചു. പുന്നയ്ക്കാട് പ്രദേശത്താണ് കൃഷിനാശം കൂടുതല്‍. ചെങ്കലില്‍ കഴിഞ്ഞ മാസം നിരവധി വാഴകള്‍ കാറ്റിലും മഴയിലും നിലംപൊത്തിയിരുന്നു. ഇത്തവണ ആയിരത്തോളം വാഴകള്‍ നശിച്ചുവെന്നാണ് ആദ്യ വിവര കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൂവാറിലും അന്‍പതോളം വാഴകള്‍ക്ക് മാത്രമേ കേടുപാടുകള്‍ പറ്റിയിട്ടുള്ളൂ.