അമലഗിരിക്ക് സമീപമുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന റോഡ്.
മുണ്ടക്കയം ഈസ്റ്റ്: കൊട്ടാരക്കര -ദിണ്ഡിക്കൽ ദേശീയപാതയിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള റോഡിൽ പതിയിരിക്കുന്നത് വലിയ അപകടങ്ങൾ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും റോഡിന്റെ പല ഭാഗങ്ങളും തകർന്ന അവസ്ഥയിലാണ്.
റോഡിന്റെ രണ്ടിടങ്ങളിൽ ഉരുൾപൊട്ടിയും പല ഭാഗങ്ങളിലും മണ്ണിടിഞ്ഞും ഒന്പതു മണിക്കൂറിലധികമാണ് ദേശീയപാതയിൽ ഗതാഗതം നിലച്ചത്. പെരുവന്താനം അമലഗിരിക്ക് മുകൾഭാഗത്തുനിന്നുമുണ്ടായ ഉരുൾപൊട്ടലിൽ ദേശീയപാതയും പെരുവന്താനം മേലോരം റോഡും തകർന്നു. മേഖലയിലെ കർഷകരുടെ ഏക്കർകണക്കിന് കൃഷിയാണു നശിച്ചത്. കടുവപ്പാറയ്ക്കു സമീപമുണ്ടായ ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും ദേശീയപാതയിൽ വ്യാപക നാശനഷ്ടമുണ്ടായി. റോഡിന്റെ ടാറിംഗ് തകർന്നതിനൊപ്പം റോഡിന്റെ വശത്തെ സംരക്ഷണഭിത്തി പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
ഇതുകൂടാതെ റോഡിന്റെ പലഭാഗങ്ങളിലും ചെറുതും വലുതുമായ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. റോഡിന്റെ വശത്തെ സംരക്ഷണഭിത്തിയും ക്രാഷ് ബാരിയറുകളും തകർന്നിട്ടുണ്ട്. കടുവാപ്പാറയ്ക്ക് സമീപമുണ്ടായ ഉരുൾപൊട്ടൽ ഭാഗത്ത് ഇപ്പോഴും റോഡിലൂടെ വെള്ളം ഒഴുകുന്ന സ്ഥിതിയാണ്. ഇത് റോഡ് വീണ്ടും തകരാൻ ഇടയാകുമെന്ന ആശങ്ക ഉയർത്തുന്നുണ്ട്.
ഉരുൾപൊട്ടലുണ്ടായ റോഡിന്റെ വശങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇത് അപകടഭീഷണി ഉയർത്തുകയാണ്. കനത്തമഴയും മൂടൽമഞ്ഞുമുള്ള സമയങ്ങളിലും വഴി പരിചയമില്ലാത്ത യാത്രക്കാർ രാത്രികാലങ്ങളിൽ റോഡിലൂടെ സഞ്ചരിക്കുന്നതും അപകടങ്ങൾക്കിടയാക്കും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ ദേശീയപാതയിൽ നിരവധി ഇടങ്ങളിലാണ് കൂറ്റൻ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്.
ചുവട്ടിലെ മണ്ണ് ഒലിച്ചുപോയി ഏതുനിമിഷവും നിലംപത്താവുന്ന അവസ്ഥയിൽ നിരവധി മരങ്ങളും പാതിയോരങ്ങളിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവഴിയുള്ള യാത്രയിൽ അപകടങ്ങളെക്കുറിച്ച് മുൻകരുതൽ ഉണ്ടാവുകയും അധികാരികൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.
Tags : Nattuvishesham Local News danger national highway