പ്രതീകാത്മക ചിത്രം
ആലപ്പുഴ: മഴക്കാലത്ത് കുട്ടനാട്ടിലെ എ.സി റോഡ് ഉൾപ്പെടെയുള്ള പ്രധാന ഗതാഗത മാർഗങ്ങൾ അതിവേഗത്തിൽ വെള്ളത്തിനടിയിലാകുന്നത് തടയാൻ ശാസ്ത്രീയ നടപടികൾ സ്വീകരിക്കണമെന്ന് കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്). പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് അടിയന്തരമായി പഠനങ്ങൾ നടത്തണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
മേഖലയിലെ പ്രധാന തോടുകളും ജലാശയങ്ങളും അനധികൃതമായി കൈയേറിയിരിക്കുന്നത് ഒഴുക്കിനെ തടസപ്പെടുത്തുന്നുണ്ട്. വെള്ളപ്പൊക്കം രൂക്ഷമാകാൻ ഇത് കാരണമാകുന്നു. ഇത്തരം കൈയേറ്റങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിക്കാൻ അധികൃതർ തയാറാകണം. കൂടാതെ, തോടുകളിൽ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മാലിന്യവും പോളയും നീക്കം ചെയ്ത് ആഴം കൂട്ടുകയും ജലമൊഴുക്ക് സുഗമമാക്കുകയും ചെയ്താൽ മാത്രമേ പ്രളയദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കൂ.
വൻതുക മുടക്കി വർഷങ്ങളെടുത്തും ജനങ്ങളെ ദുരിതത്തിലാക്കിയും എസി റോഡിലെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടും ചെറിയ മഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്. വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനും കുട്ടനാട്ടിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനും സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കിഡ്സ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അധ്യക്ഷത വഹിച്ചു.റോജസ് ജോസ് ആൽഫ, ഷൈൻ ജോസഫ് മായിപ്പറപ്പള്ളി, പി.എം. കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ, സുരേഷ് ജോസഫ് മങ്ങാട്ട്, തോമസ് മത്തായി കരിക്കംപള്ളിൽ, ടോം ജോസഫ് മലയാംപുറം, ജോ ജോ മാത്യു പൂപ്പള്ളി, ബിബി ജോസ് മനയത്ത് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Kuttanad floods scientific methods