മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരും ഡോക്ടര്‍മാരും വൈകി എത്തുന്നുവെന്ന പരാതി വ്യാപകമായതോടെ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. രജിതയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മിന്നല്‍പരിശോധന നടത്തി. ആശുപത്രിയിലെത്തിയ ഉപസമിതി അധ്യക്ഷയോട് നിരവധിപേര്‍ പരാതി പറഞ്ഞതോടെ സ്ഥിരംസമിതി അധ്യക്ഷന്‍ സി.എം. ഷുക്കൂറും ഉടന്‍ സ്ഥലത്തെത്തി. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ രാവിലെ എട്ടിന് ഒപി ടിക്കറ്റ് കൗണ്ടറിന്റെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന നിര്‍ദേശം നടപ്പാക്കാതെ വന്നതോടെ രോഗികളുടെ വന്‍ കാത്തിരിപ്പാണ് ഇവിടെ.
ജനപ്രതിനിധികള്‍ എത്തുമ്പോള്‍ രജിസ്ട്രേഷന് കൗണ്ടറിൽ ആളില്ലാത്ത സ്ഥിതിയായിരുന്നു. ഒരു മണിക്കൂര്‍ പിന്നിട്ടിട്ടും കൗണ്ടറില്‍ ജീവനക്കാരന് എത്താതെ വന്നതോടെ ചീട്ട് എടുക്കാനുള്ളവരുടെ നിര ഒപി ബ്ലോക്കിന് പുറത്തേക്കും നീണ്ടു. എട്ടിന് ഒപി പ്രവര്‍ത്തനം ആരംഭിക്കണമെന്നിരിക്കെ 8.45 ആയിട്ടും ഒരു ഡോക്ടറെപോലും ഒപി വിഭാഗത്തില്‍ കണ്ടെത്താനുമായില്ല.
ഇതിന് പുറമെ ശുചിമുറി വൃത്തിയാക്കുന്ന ഉപകരണങ്ങളാണ് രോഗികളും കൂട്ടിരിപ്പുക്കാര്‍ക്കുമുള്ള വാര്‍ഡുകളും വരാന്തകളും മറ്റും വൃത്തിയാക്കുന്നതിന് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇതേത്തുടര്‍ന്ന് നഴ്സുമാരോടും ഇന്സ്പെക്ഷന് കണ്‍ട്രോളര്‍മാരോടും ഇനി ആവര്‍ത്തിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്കി. രാവിലെ 7.30ന് തന്നെ ഒപി കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ആശുപത്രിയിലെ മറ്റ് ഡാറ്റ എന്‍ട്രി ജീവനക്കാരെ കൂടി ഇതിന്റെ ഭാഗമാക്കി തിരക്ക് നിയന്ത്രിക്കണമെന്നും അത്യാഹിത വിഭാഗം പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കര്‍ശന നിര്‍ദേശം നല്കി.
ആര്‍എംഒ, സൂപ്രണ്ട് എന്നിവര്‍ ഡ്യൂട്ടി ഷെഡ്യൂള്‍ തയാറാക്കണമെന്നും ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്തതരത്തില്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ഉപസമിതി അധ്യക്ഷന്മാര് നിര്‍ദേശം നല്കി. ആശുപത്രിയുടെ സുരക്ഷ സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്. ഉച്ചകഴിഞ്ഞാല്‍ സാമൂഹ്യവിരുദ്ധര്‍ ആശുപത്രി വളപ്പ് കൈയേറുന്നതായും പരാതിയുണ്ട്. പോലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും ഇവിടെയും ഉദ്യോഗസ്ഥരുണ്ടാകാറില്ല. ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സുരക്ഷാ ഗാര്‍ഡുകള്‍ക്ക് സാമൂഹ്യവിരുദ്ധരെ നിലയ്ക്ക്നിര്‍ത്താന്‍ കഴിയുന്നില്ലെന്നും ആക്ഷേപമുണ്ട്.
Tags : nattu vishesham examination public representatives