ഗുരുവായൂർ ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് അവതരിപ്പിക്കുന്ന കുട്ടഞ്ചേരി സംഗീത് ചാക്യാർ ദർശനംനടത്തി പുറത്തേക്കു കടക്കുന്നു.
ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാല ആചാരമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ഇന്നലെരാവിലെ ശ്രീലകത്തുനിന്നുനൽകിയ ദീപം കൂത്തമ്പലത്തിലെ മണ്ഡപദീപത്തിൽ പകർന്നതോടെയാണ് കൂത്ത് ആരംഭിച്ചത്.
പന്തീരടിപൂജയ്ക്ക് മുമ്പ് കുട്ടഞ്ചേരി സംഗീത് ചാക്യാർ ഹനുമാൻ വേഷധാരിയായി നാലമ്പലത്തിൽ പ്രവേശിച്ച് സോപാനപ്പടിക്കയറി മണിയടിച്ച് ഗുരുവായൂരപ്പനെ വണങ്ങി ദക്ഷിണ സ്വീകരിച്ചു. നാലമ്പലത്തിനുള്ളിൽ മേൽവസ്ത്രം ധരിച്ച് പ്രവേശിക്കാനും ദർശനം നടത്താനുമുള്ള അവകാശം അംഗുലീയാങ്കത്തിലെ ഹനുമാൻ വേഷധാരിയായ ചാക്യാർക്കുമാത്രം അവകാശപ്പെട്ടതാണ്.
ഹനുമാൻ നേരിട്ടുവന്ന് ഭഗവാനെ തൊഴുത് പ്രസാദം സ്വീകരിക്കുന്നു എന്നാണ് സങ്കല്പം. ശ്രീലകത്തുനിന്ന് മേൽശാന്തി നേരിട്ട് പ്രസാദം നൽകുന്നതും ഹനുമാനു മാത്രമാണ്. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണസമിതി അംഗം കെ.എസ്. ബാലഗോപാൽ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ, ക്ഷേത്രം ഡി.എ. പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി. കൂത്ത് 12 ദിവസം നീണ്ടുനിൽക്കും.