മണ്ണാർക്കാട് നഗരത്തിലെ ഷൂ പ്ലാനറ്റിലുണ്ടായ തീപിടിത്തം.
മണ്ണാർക്കാട്: മണ്ണാർക്കാട്ട് ബഹുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം.
ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഷൂ പ്ലാനറ്റ് ഷോറൂമിൽ തീപിടിത്തമുണ്ടായത്. ബാഗ്, ഷൂ, ചെരുപ്പ് , ബെൽറ്റ് തുടങ്ങിയ ലെതർ ഉത്പന്നങ്ങൾ വിൽക്കുന്ന കടയിലായിരുന്നു തീപിടിത്തം.
മൂന്നുനില കെട്ടിടമാണ്. മുകളിൽ നിലയിലാണ് തീ കത്തുന്നതുകണ്ടത്. വലിയ ഷോറൂം ആയതിനാൽ തീ അണയ്ക്കാനുള്ള ശ്രമം നടന്നില്ല. തുടർന്ന് വട്ടമ്പലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ ഷൂകളും മറ്റ് ലെതർ ഉത്പന്നങ്ങളും കത്തിനശിച്ചു.
മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, സജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വി. സുരേഷ് കുമാർ, പ്രശാന്ത്, എം.എസ്. ഷബീർ, ടിജോ തോമസ്, എം.ആർ. രാഗിൽ, ഷെരീഫ്, രമേഷ്, ഹോം ഗാർഡ് പ്രദീപ്, കെ.എസ്. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.
കെട്ടിടത്തിനുള്ളിലൂടെ മുകളിലേക്കു ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത് കൂടുതൽ നാശനഷ്ടങ്ങൾക്കിടയാക്കിയെന്നു ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു.