വിഴിഞ്ഞം : യുദ്ധകലുഷിതമായ ഹോർമുസ് കടലിടുക്കും താണ്ടിയുള്ള യാത്രക്കിടയിൽ അസുഖ ബാധിതനായ ജീവനക്കാരനുമായെത്തിയ ചരക്ക് കപ്പൽ എം.വി.നെക്സസ് വിഴിഞ്ഞത്ത് തുടരുന്നു. ജീവനക്കാരായ 28 ഇന്ത്യാക്കാരിൽ മൂന്ന് പേർ ഇറങ്ങിയും മൂന്ന് പേർ കയറിയുമുള്ള ആദ്യ ക്രൂ ചേഞ്ചിംഗ് ഇന്ന് നടക്കും. ആവശ്യപ്പെടുന്ന സമയത്ത് മറ്റുള്ളവരെയും പുറത്തിറക്കി നാട്ടിലേക്ക് അയക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. അതോടൊപ്പം തീർന്ന് പോയ ഭക്ഷ്യധാന്യങ്ങളും ഇന്ധനവും ഗ്യാസും എല്ലാം ഇന്ന് തന്നെ കപ്പലിൽ എത്തിക്കുന്നതിനുള്ള നടപടിയും ഉണ്ടാകും. ഹോർമൂസ് കടന്ന് വരുന്നതിനുള്ള കാലതാമസവും ബുദ്ധിമുട്ടുകളും ജീവനക്കാരായ പലരെയും മാനസികമായി തളർത്തിയതായും അധികൃതർ പറയുന്നു.
യൂറോപ്പിൽ നിന്ന് ചൈനയിൽ എത്തി അവിടെനിന്ന് സിംഗപ്പൂരിന്റെയും കൊളംബോയുടെയും ഔട്ടറിൽ ഒന്നരമാസത്തിലധികം ദിവസം നങ്കൂരമിട്ട് തീരത്തണയാൻ ഊഴം കാത്ത് കിടന്ന ഗിനിയൻ രജിസ്ട്രേഷനുള്ള നെക്സസ് കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയാണ് വിഴിഞ്ഞത്തെ മാരിടൈം ബോർഡ് തുറമുഖത്ത് എത്തിയത്. കൊളംബോ തീരത്ത് കൂടി യാത്ര ചെയ്യുന്നതിനിടയിൽ ജൂനിയർ എൻജിനീയർ അൻസാരി മുഹമ്മദ് ബാരിസി(40) ന് അടിയന്തിര വൈദ്യ സഹായം വേണ്ടി വന്നിരുന്നു. അതീവ ഗുരുതര രോഗാവ സ്ഥയെ തുടർന്ന് കോസ്റ്റ് ഗാർഡിനും തുറമുഖ വകുപ്പ് അധികൃതർക്കും അടിയന്തര സന്ദേശം ലഭിച്ച തിനെ തുടർന്നായിരുന്നു രാത്രി വൈകിയുള്ള രക്ഷാ ദൗത്യം. മും ബൈ ആസ്ഥാനത്ത് ലഭിച്ച സന്ദേശത്തെ തുടർന്ന് കോസ്റ്റ് ഗാർഡ് വിഴിഞ്ഞം സ്റ്റേഷനിൽ നിന്നു സി 441 ഇന്റർസെപ്റ്റർ ബോട്ടും മാരിടൈം ബോർഡിന്റെ ധ്വനി എന്ന ടഗും യുദ്ധകാലാടിസ്ഥാനത്തിൽ എത്തിയാണ് ദൗത്യം പൂർത്തിയാക്കിയത്.
ഇമിഗ്രേഷൻ വിഭാഗം, മാരി ബോർഡ് വിഴിഞ്ഞം തുറമുഖ പർസർ എസ്.വിനുലാൽ, പോർട്ട് കൺസർവേറ്റർ എം.എസ്.അജീഷ് എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയാക്കിയ ശേഷം രോഗിയുമായെത്തിയ നെക്സസ് നങ്കൂരമിടാനുള്ള അനുമതി അധികൃതർ നൽകി.
ആശുപത്രിയിലാക്കിയ ജീവനക്കാരൻ സുഖം പ്രാപിച്ച് നാട്ടിലേക്ക് മടങ്ങിയെങ്കിലും കപ്പലിന് തീരം വിടാനായില്ല. ഗ്യാസ് ടാങ്കറായ നെക്സസ് ഇനി ഏത് രാജ്യത്തേക്ക് പോകണമെന്ന അറിയിപ്പ് കിട്ടുന്നതുവരെ വിഴിഞ്ഞത്ത് തുടരുമെന്നറിയുന്നു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വാട്ടർ ലൈൻ ഷിപ്പിംഗ് ആൻ്റ് ലോജിസ്റ്റിക് ആണ് കപ്പൽ വിഴിഞ്ഞത്ത് എത്തിച്ചത്.
Tags :