മുട്ടിയേല്‍ ആനക്കുളത്തെ അനധികൃത കരിങ്കല്‍ ക്വാറി.
നിലമ്പൂര്‍: പരിസ്ഥിതിലോല മേഖലയായ നിലമ്പൂരില്‍ അനധികൃത കരിങ്കല്‍ ഖനനം വ്യാപകമാകുന്നു. ചാലിയാര്‍ പഞ്ചായത്തിലെ മുട്ടിയേല്‍ വാര്‍ഡിലും കുറുമ്പലങ്ങാട് വില്ലേജ് പരിധിയിലുമാണ് ലൈസന്‍സില്ലാതെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. മുട്ടിയേല്‍ ആനക്കുളത്തെ ക്വാറിയില്‍നിന്ന് പാറ പൊട്ടിച്ച് കടത്തുന്നത് വില്ലേജ് അധികൃതര്‍ തടയുകയും സ്ഥലം ഉടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു.
2018ല്‍ ഉരുള്‍പൊട്ടലില്‍ ആറു പേരുടെ ജീവന് നഷ്ടപ്പെട്ട ചെട്ടിയാന്‍ പാറയുടെ മുകള്‍ഭാഗത്താണ് അനധികൃത ക്വാറിയുള്ളത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെയാണ് ലൈസന്‍സില്ലാത്ത ക്വാറിയില്‍നിന്ന് ഇടയ്ക്കിടെ പാറ പൊട്ടിച്ച് കടത്തുന്നതെന്നാണ് ആരോപണം.
പകല്‍സമയത്ത് പാറ പൊട്ടിച്ച് സ്റ്റോക്ക് ചെയ്ത ശേഷം പുലര്‍ച്ചെ ലോറികളില്‍ കടത്തുന്നതാണ് ഇവരുടെ രീതി. പരാതി ലഭിക്കുമ്പോള്‍ വില്ലേജ് അധികൃതര്‍ എത്തി സ്റ്റോപ്പ് മെമ്മോ നല്‍കുകയും പാറ പൊട്ടിക്കല്‍ തടയുകയും ചെയ്യാറുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ച് വീണ്ടും ഖനനം നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ ഇത്തവണ കുറുമ്പലങ്ങാട് വില്ലേജ് ഓഫിസര്‍ സ്ഥലം ഉടമയ്ക്ക് ശക്തമായ താക്കീത് നല്‍കിയിട്ടുണ്ട്. കുറുമ്പലങ്ങാട് വില്ലേജ് പരിധിയില്‍ നിലവില്‍ ലൈസന്‍സുള്ള ഒരു കരിങ്കല്‍ ക്വാറി പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും ലൈസന്‍സില്ലാത്ത ഒരു ക്വാറിയില്‍നിന്ന് ഒരു കാരണവശാലും പാറ പൊട്ടിച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും വില്ലേജ് ഓഫിസര്‍ വ്യക്തമാക്കി.
ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് ജിയോളജി വിഭാഗം കണ്ടെത്തിയിട്ടുള്ള പ്രദേശമാണിത്. ഇവിടെ കരിങ്കല്‍ ഖനനം തുടര്‍ന്നാല്‍ ഏതുസമയത്തും വലിയ തോതിലുള്ള മണ്ണിടിച്ചിലിനും ദുരന്തങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് ആശങ്ക.
Tags :