സ്നേഹ സാഗരം തീരദേശ വികസന പദ്ധതി മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക തീരദേശ ഭവന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ പറഞ്ഞു.
കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ തീരദേശ ജനതയുടെ സമഗ്രവികസന പദ്ധതി
"സ്നേഹസാഗരം' മുഖദാർ സിസ്കോ ഐടിഐയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. തീരദേശ ജനതയ്ക്കായുള്ള പ്രത്യേക ഭവന പദ്ധതിയുടെ നടപടികൾ അവസാനഘട്ടത്തിലാണ്. നിലവിലെ ഭവന പദ്ധതി "പുനർഗേഹം' പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുനർഗേഹത്തിന് കൂടുതൽ സാമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ ജനതയുടെ ഇൻഷ്വറൻസ് കാലോചിതമായി പരിഷ്കരിക്കും. മുഖ്യമന്ത്രി ഇത് നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്. കടലിൽ പോകുന്നവരുടെ രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾ പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കും. ഫണ്ടിന്റെ അപര്യാപ്തത മൂലം രക്ഷാപ്രവർത്തനങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കാൻ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ഇത് മറികടക്കാൻ സാമ്പത്തിക പിന്തുണ നൽകും. മത്സ്യത്തൊഴിലാളി ഭവനങ്ങളിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഫൈസൽ ബാബു എംഎൽഎ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഭരണപരിഷ്കാര കമ്മിഷൻ ചെയർപേഴ്സൺ എം.കെ. മുനീർ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കൗൺസിലർമാരായ ടി.പി.എം. ജിഷാൻ, എസ്.കെ. അബൂബക്കർ, എം.പി. സൈബുന്നിസ, ഫസ്ന ഷംസുദ്ദീൻ, സ്മിത, ഫർസീന എന്നിവർ പ്രസംഗിച്ചു.
Tags :