പ്രതീകാത്മക ചിത്രം
റാന്നി: സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി മത്സ്യകൃഷി നടത്തുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പഴകുളം മധു എംഎൽഎ. റാന്നി നിയോജക മണ്ഡലത്തിൽ മത്സ്യ കൃഷിക്ക് അനുയോജ്യമായ കലാവസ്ഥയാണ് ഉള്ളതെന്നും ദേശസാൽകൃത ബാങ്കുകൾ ഇത്തരം സംരംഭങ്ങളോട് സഹായകരമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള റിസർവോയർ ഡവലപ്മെന്റ് പ്രോജെക്ട് പദ്ധതിയുടെ ഭാഗമായി പമ്പ റിസർവോയറിലെ റാന്നി പെരുനാട് മുക്കം കോസ്വേ, മണിയാർ റിസർവോയറിലെ നെടുമൺ മൂഴിക്കടവ് എന്നിവിടങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിക്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു അധ്യക്ഷത വഹിച്ചു. 200000 കാർപ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ, രജനി ബാലൻ, പി.കെ.അനിൽകുമാർ, മിലി ഗോപിനാഥ്, പി.കെ. രഞ്ജിനി എന്നിവർ പ്രസംഗിച്ചു.