പ്രതീകാത്മക ചിത്രം
തൊടുപുഴ: സംസ്ഥാനത്തെ ശുദ്ധജല തടാകവും നയനമനോഹരമായ ടൂറിസ്റ്റ് കേന്ദ്രവുമായ മലങ്കര ജലാശയത്തിലേക്ക് മാലിന്യങ്ങളും രാസവസ്തുക്കളും കലര്‍ന്ന മലിനജലം ഒഴുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മലങ്കര ജലാശയ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ മെഗാ ഒപ്പുശേഖരണ കാമ്പയിന് നടത്തും. 17നു വൈകുന്നേരം നാലിന് ഇളംദേശം കവലയില്‍ ജനപങ്കാളിത്തത്തോടെ നടത്തുന്ന ഒപ്പുശേഖരണ പരിപാടിയില്‍ പരിസ്ഥിതി പ്രവര്ത്തകന് വര്‍ഗീസ് പുല്ലുവഴി, ഫാ. ബിനു കുരുവിള, ചെയര്മാന് ഡോ. വിന്‍സെന്റ് മാളിയേക്കല്‍, ജനറല്‍ കണ്‍വീനര്‍ വി.ജെ. ഫ്രാന്‍സിസ്, ടി.ജെ. പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇളംദേശം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനജലമാണ് പ്രതിസന്ധിക്കു കാരണം. ഫാക്ടറികളില്‍ പ്ലൈവുഡ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഫോര്മാല്ഡിഫൈഡ് അടങ്ങിയ പശ, മറ്റു രാസവസ്തുക്കള്‍, പുറന്തള്ളുന്ന മലിനജലം, വിഷാംശമുള്ള ചാരം, പൊടി തുടങ്ങിയ ഖര-ദ്രവ മാലിന്യങ്ങള്‍ വടക്കനാറിലൂടെ മലങ്കര ജലാശയത്തിലാണ് എത്തിച്ചേരുന്നത്. ഇതുമൂലമുണ്ടാകുന്ന വായു, ജല, മണ്ണ് മലിനീകരണം അനാരോഗ്യത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാസവസ്തുക്കള്‍ അടങ്ങിയ ജലം മലങ്കര ജലാശയത്തില്‍ കാണപ്പെട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ രംഗത്തെത്തിയതോടെ ജില്ലാ കളക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടിരുന്നു. ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തികളിലെയും നഗരസഭകളിലെയും കൊച്ചി കോര്പറേഷന് പരിധിയിലെ ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ള സ്രോതസിനെയാണ് രാസമാലിന്യങ്ങള്‍ ബാധിക്കുന്നത്.
മലങ്കര ജലാശയത്തെ ശുദ്ധജല സംരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കുക, ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കുന്നതു തടയുക, പുതിയ ക്വാറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കാമ്പയിന് നടത്തുന്നത്.
മുട്ടം യൂണിറ്റ് യോഗം
മുട്ടം: പ്ലൈവുഡ് കമ്പനികളുടെ പ്രവര്‍ത്തനംമൂലം മലിനമാകുന്ന മലങ്കര ജലാശയത്തെ ജലസംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് രൂപീകരിച്ചിട്ടുള്ള മലങ്കര ജലാശയ സംരക്ഷണസമിതി മുട്ടം പഞ്ചായത്ത് യൂണിറ്റ് രൂപീകരണയോഗം നാളെ നടക്കും. വൈകുന്നേരം നാലിന് പഞ്ചായത്ത് ഓഫിസിനു സമീപം ചുവപ്പുങ്കല്‍ ബില്‍ഡിംഗിലാണ് യോഗം ചേരുന്നതെന്ന് സമിതി വൈസ് പ്രസിഡന്റ് ജോസ് ചുവപ്പുങ്കല്‍ അറിയിച്ചു.