ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വജന ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികള്‍.
സുല്‍ത്താന്‍ ബത്തേരി: ഫിഫ ലോകകപ്പിന്റെ ഭാഗമായി ബത്തേരി ഗവ. സര്‍വജന ഹൈസ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം. വിദ്യാര്‍ഥികള്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് വിവിധ ടീമുകളായി നടത്തിയ മത്സരങ്ങള്‍ കാണികള്‍ക്ക് ആവേശമായി. യുപി, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ജേതാക്കളായി. യുപി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പോര്‍ച്ചുഗലിനെ പിന്നിലാക്കി അര്‍ജന്റീന കപ്പ് നേടി. ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ഫ്രാന്‍സ് ചാമ്പ്യന്മാരായി.
ബത്തേരി സബ് ഇന്‍സ്പെക്ടര്‍ യദു ഗോപാല്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് മെഡലുകളും ട്രോഫിയും വിതരണം ചെയ്തു. കായിക അധ്യാപകരായ സി. ബിനു, പി. ഏലിയാമ്മ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി. പ്രിന്‍സിപ്പല്‍ പി.എ. അബ്ദുള്‍ നാസര്‍, പ്രധാനധ്യാപിക ബിജി വര്‍ഗീസ്, സീനിയര്‍ അസിസ്റ്റന്റ് സൗദാബി, പി. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് ടൂര്‍ണമെന്റിന് സാക്ഷിയാകാന്‍ എത്തിയത്.
Tags : Nattuvishesham District News