നീണ്ടൂര്‍ പ്രാലേല്‍ പാലത്തിന് സമീപം ലോട്ടറി വില്പന നടത്തുന്ന ടെറിൻ
കടുത്തുരുത്തി: ജീവിക്കാന്‍ 14 വര്‍ഷമായി വഴിയോരത്ത് ലോട്ടറി വില്‍ക്കുകയാണ് ഈ മൂന്നരയടിക്കാരി. മാതാപിതാക്കള്‍ മരിച്ചതോടെ തനിച്ചായ യുവതി പിതൃസഹോദരന്റെ ഭവനത്തിലാണ് താമസം. കല്ലറ പീടികപറമ്പില്‍ പരേതരായ ജോണി-സുമതി ദമ്പതികളുടെ മകളായ ടെറിന്‍ (37) ആണ് ലോട്ടറി വില്പനയിലൂടെ ജീവിതം തള്ളി നീക്കുന്നത്. ദിവസവും ഏഴ് കിലോമീറ്ററിലേറെ ദൂരം ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചെത്തിയാണ് രാവിലെ മുതലുള്ള ടെറിന്റെ ലോട്ടറി വില്പന. കല്ലറ-നീണ്ടൂര്‍ റോഡില്‍ നീണ്ടൂര്‍ പ്രാലേല്‍ പാലത്തിനു സമീപമാണ് ടെറിൻ ലോട്ടറി വിൽക്കുന്നത്. സ്റ്റൂളിലിരുന്നാണ് വില്പന. വൈകുന്നേരം വരെ അധ്വാനിച്ചാൽ ചിലപ്പോള്‍ ആയിരം രൂപ വരെ ലാഭം കിട്ടും.
പിറ്റേദിവസം വില്‍ക്കുന്നതിനുള്ള ലോട്ടറിയുമായെത്തുന്ന വൈക്കം സ്വദേശി രാജീവ് എന്ന മറ്റൊരു ലോട്ടറി വില്പനക്കാരനാണ് ടെറിന്റെ ഏറ്റവും വലിയ സഹായി. വില്‍ക്കാനുള്ള ലോട്ടറിയുമായെത്തുന്ന രാജീവാണ് ടെറിനെ വൈകുന്നേരം മാഞ്ഞൂരിലെ വീട്ടില്‍ സുരക്ഷിതയായി എത്തിക്കുന്നത്. ബൈക്കില്‍ ലോട്ടറി വില്പന നടത്തുന്ന രാജീവിനെ ആറു വര്‍ഷം മുമ്പാണ് ടെറിന്‍ പരിചയപ്പെട്ടത്.
അമ്മ സുമതിക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജ്, റെയില്‍വേ സ്റ്റേഷന്, നാഗമ്പടം, ജില്ലാ ആശുപത്രി പരിസരം എന്നിവടങ്ങളിലെല്ലാം ടെറിന്‍ ലോട്ടറി വില്പന നടത്തിയിരുന്നു. പിന്നീടാണ് കല്ലറയിലും തുടര്‍ന്ന് നീണ്ടൂരിലും ലോട്ടറി വില്പനയുമായെത്തുന്നത്. രാവിലെ 6.30 ഓടെ വീട്ടില്‍നിന്നും ഇറങ്ങും, ഉച്ചഭക്ഷണം കടയില്‍നിന്നു വാങ്ങും. വെള്ളം അധികം കുടിക്കില്ല. റോഡരികില്‍ ലോട്ടറി വില്ക്കുന്നതിനടുത്ത് പ്രാഥമികാവിശ്യങ്ങള് നിര്‍വഹിക്കാനുള്ള സൗകര്യങ്ങളില്ലെന്നതാണ് ഇതിനു കാരണമായി ടെറിന്‍ പറയുന്നത്. ടെറിന്റെ രണ്ട് കാലുകളുടെയും മുട്ടിന്റെ ബോളുകള്‍ക്ക് തകരാറുള്ളതിനാല്‍ ഇതു പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് ഏതാണ്ട് അഞ്ച് ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ ഏക മകളാണ് ടെറിന്‍. രോഗം മൂര്‍ച്ഛിച്ചു വരുന്നതിനാല്‍ വൈകുന്നേരമാകുമ്പോഴേക്കും കാലുകള്‍ക്ക് വേദനയും നീരും ഉണ്ടാകുന്നുണ്ട്.
ജീവിക്കാനും ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തുന്നതിനുമായി പ്രതിസന്ധികള്‍ക്കിടയിലും തനിക്കറിയാവുന്ന തൊഴില്‍ ചെയ്തു പോരുകയാണ് ഈ യുവതി.
Tags : District News Nattuvishesham For 14 years selling lottery tickets