നവതിയാഘോഷിക്കുന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ തോമസ് ജോസഫും ഭാര്യ മേരിക്കുട്ടി തോമസും.
കട്ടപ്പന: ഇടുക്കിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍യുമായ തോമസ് ജോസഫ് നവതിയുടെ നിറവില്‍. 1936ല്‍ ജനിച്ച തോമസ് ജോസഫിന്റെ നവതിയാഘോഷം ഇന്ന് ഭവനത്തില്‍ നടക്കും. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ തോമസ് ജോസഫ് പതിറ്റാണ്ടുകളോളമായി ജില്ലയിലെ രാഷ്ട്രീയ, സാമൂഹികരംഗത്ത് നിറസാന്നിധ്യമാണ്.
കേരള കോണ്‍ഗ്രസ് നേതാവ് പി.ടി. ചാക്കോയുടെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനായി പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തിലെത്തിയ ഇദ്ദേഹം പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചതു മുതല്‍ പാര്‍ട്ടിയുടെ ഉറച്ച ശബ്ദമായി മാറി. പി.ടി.ചാക്കോയുടെ മരണത്തെ തുടര്‍ന്ന് കോട്ടയം ലക്ഷ്മി നിവാസ് ലോഡ്ജില്‍ ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ തോമസ് ജോസഫും പങ്കെടുത്തു. പിന്നീട് കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കായി നേതൃത്വപരമായ പങ്കുവഹിച്ചു.
1977, 1980 തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍നിന്നു വിജയിച്ചു. രണ്ട് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചെങ്കിലും അഞ്ചു വര്‍ഷം മാത്രമാണ് അദ്ദേഹം എംഎല്‍എയായി പ്രവര്‍ത്തിച്ചത്. പിന്നീട് അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചില്ല.
1963ല്‍ കട്ടപ്പന സെന്റ് ജോര്‍ജ് സ്കൂളില്‍ അധ്യാപകനായെത്തിയ തോമസ് ജോസഫ് ഇടുക്കിയുടെ വികസനത്തിനും കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി അക്ഷീണം പ്രയത്നിച്ചു.
കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റായും 1982 മുതല്‍ 1985 വരെ കെടിഡിസി ചെയര്‍മാനായും 1988 മുതല്‍ 1995 വരെ കട്ടപ്പന പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് സംസ്ഥാന ട്രഷററായും പ്രവര്‍ത്തിച്ചു. കുടിയിറക്കിനെതിരായ സമരങ്ങളിലും ജില്ലാ രൂപീകരണത്തിനായുള്ള സമരത്തിനും നേതൃത്വപരമായ പങ്കുവഹിച്ചു.
1993-ല്‍ പട്ടയ നടപടികള്‍ക്ക് തടസം നേരിട്ടപ്പോള്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായിരുന്ന തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ നാലു എംഎല്‍എമാര്‍ നെടുങ്കണ്ടത്ത് ആറു ദിവസം നീണ്ട നിരാഹാര സമരം നടത്തി. ഇതോടെ 1993 റൂള്‍ പ്രകാരമുള്ള പട്ടയം കര്‍ഷകര്‍ക്കായി നേടിയെടുക്കാനായി.
ഇടുക്കിയുടെ രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമായി നിലകൊണ്ട ഇദ്ദേഹത്തിന്റെ നവതിയാഘോഷം ഇന്നു വൈകുന്നേരം നാലിന് വീട്ടില്‍ നടക്കും. കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി, മുന്‍ മന്ത്രി റോഷി അഗസ്റ്റിന് ഉള്‍പ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുക്കും. റിട്ട. അധ്യാപിക മേരിക്കുട്ടി തോമസാണ് ഭാര്യ. കട്ടപ്പന മുന്‍ നഗരസഭാ ചെയര്‍മാനും കേരള കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റിയംഗവുമായ അഡ്വ. മനോജ് എം. തോമസ്, ടെഡി തോമസ്, മഞ്ജുമോള്‍ തോമസ്, അഞ്ചു എലൈസ് തോമസ് എന്നിവരാണ് മക്കള്‍.
Tags :