കോട്ടയം: മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പൊലിസ് പരിശോധന ശക്തമാക്കി.
ജില്ലയില്‍ പ്രധാന റോഡുകള്‍ക്കു പുറമേ ഇടറോഡിലും ഊടുവഴികളിലും ബ്രത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയുമായി പൊലിസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. സന്ധ്യ കഴിഞ്ഞുള്ള സമയങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്.
മദ്യപിച്ചു വാഹനം ഓടിച്ചു പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കല്‍ മാത്രമല്ല വാഹനവും അകത്താകും. ഏതു വഴിയിലും പൊലിസിന്റെ സാന്നിധ്യമുണ്ടാകുമെന്നും ഉന്നതതല നിര്‍ദേശത്തെത്തുടര്‍ന്നാണ് പരിശോധന ശക്തമാക്കിയതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. നെടുമ്പാശേരിയില്‍ മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ച യുവാവ് മൂന്നു പേരെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ഊര്‍ജിതമാക്കിയത്.
ജില്ലയില്‍ വിവിധ ടൗണുകളില്‍ രാത്രികാലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും ചീറിപ്പായുന്നത് പതിവായിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ വാഹനത്തിന്റെ ഉടമയ്ക്കെതിരേ നിയമ നടപടികള്‍ വരും.
നിരീക്ഷണവുമായി സൈബര്‍ വിംഗ്
വാഹനങ്ങള്‍ അമിത വേഗത്തില്‍ ഓടിച്ച് റീല്‍സ് ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്താല്‍ ഉടന്‍ പണികിട്ടും. ഇത്തരക്കാരെ കണ്ടെത്തി പിടികൂടുന്നതിനായി എംവിഡിയുടെ സൈബര്‍ വിംഗ് നിരീക്ഷണം ആരംഭിച്ചു. കൗമാരക്കാരാണ് റീല്‍സ് എടുക്കുന്നവരില്‍ കൂടുതലെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരക്കാരെ പിടികൂടിയാല്‍ പിഴയടപ്പിച്ച് ഒരു ദിവസം മുഴുവന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസിലും പങ്കെടുപ്പിക്കും.
വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഡിജിറ്റലായി പരിശോധിച്ച് ഉടമയെ കണ്ടെത്തും. റീല്‍സ് ഷൂട്ട് ചെയ്ത സ്ഥലവും പശ്ചാത്തലവും കൃത്യമായി നിരീക്ഷിച്ച് സ്പോട്ട് ഉറപ്പാക്കും. വീഡിയോയിലുള്ള കൂട്ടുകാരുടെയും അഭ്യാസപ്രകടനത്തിന് ഒത്താശ ചെയ്യുന്നവരുടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഇവരുടെ റൂട്ട് മാപ്പ് തയാറാക്കി ഇത്തരക്കാരിലേക്ക് എത്തുന്നത്.
ലഹരിക്കേസുകളും വര്‍ധിക്കുന്നു
ജില്ലയില്‍ ലഹരിക്കേസില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ 10 മാസത്തിനിടയില്‍ 1339 എന്‍ഡിപിഎസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വിവിധി പൊലിസ് സ്റ്റേഷനുകളിലായി 1423 പേര് ലഹരിക്കേസുകളില്‍ അറസ്റ്റിലായി. 8 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
506 ഗ്രാം എംഡിഎംഎ, 30 ഗ്രാം ഹാഷിഷ് ഓയില്‍, 4.50 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 10 കഞ്ചാവ് ചെടികള്‍, രണ്ട് എല്‍എസ്ഡി സ്റ്റാമ്പ്, 1.5 ഗ്രാം മെത്താംഫെറ്റമിന്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. ലഹരി മാഫിയയെ തുരത്താനായി ജില്ലയിലെങ്ങും പൊലിസ്, എക്സൈസ് വകുപ്പുകളുടെ പരിശോധനകള്‍ തുടരുകയാണ്.
റീല്സുകാര്ക്കു പൂട്ടിടാന്‍ എംവിഡി
ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു അമിത വേഗത്തില്‍ കാറും ബൈക്കും ഓടിക്കുന്ന റീല്‍സ് ചിത്രീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതു കൗമാരക്കാരുടെ പ്രധാനപ്പെട്ട വിനോദമാണ്. പരമാവധി ലൈക്കും കമന്റും ഷെയറും നേടുകയാണ് ലക്ഷ്യം.
പ്രധാനമായും ബൈപാസ് റോഡുകളിലാണ് ഇത്തരത്തിലുള്ള റീല്‍സ് ചിത്രീകരണങ്ങള്‍ നടക്കുന്നത്. ഇത്തരക്കാരെ പൂട്ടാന്‍ മോട്ടോര്‍ വാഹനവകുപ്പും പരിശോധനകള്‍ നടത്തുന്നുണ്ട്. ഇവര്‍ റോഡിലുണ്ടാക്കുന്ന അപകടങ്ങള്‍ ചില്ലറയല്ല. റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുന്നതും പതിവാണ്.
റീല്‍സിനായി മോഡിഫൈ ചെയ്ത വാഹനങ്ങളും എംവിഡി പിടികൂടി പെറ്റി അടിക്കുന്നുണ്ട്. നിയമവിരുദ്ധമായി മോഡിഫിക്കേന്‍ ചെയ്യുന്ന വാഹനങ്ങള്‍ കണ്ടെത്തിഓരോ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ ഈടാക്കാനാൻ ഹൈക്കോടതി നിര്‍ദേശവുമുണ്ട്.
Tags :