സി.ജെ. ഉമ്മൻ കോർ എപ്പിസ്കോപ്പ
ചെങ്ങന്നൂർ: 16 വർഷം നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ, അമേരിക്കയിൽ അന്തരിച്ച കോടുകുളഞ്ഞി കോട്ടമല ബംഗ്ലാവിൽ സി.ജെ. ഉമ്മൻ കോർ എപ്പിസ്കോപ്പയുടെ (82) ഭൗതികാവശിഷ്ടങ്ങൾ ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നു. 2010 ഒക്ടോബർ 14ന് അമേരിക്കയിലെ ഫിലാഡൽഫിയയിൽ വച്ചായിരുന്നു അച്ചന്റെ വേർപാട്.
മകൻ ഹെയ്ലി ജോണിനും ഭാര്യ ബ്ലോസം മാത്യു ഉമ്മനുമൊപ്പം അമേരിക്കയിലായിരുന്നു വൈദികന്റെ വേർപാട്. കോർ എപ്പിസ്കോപ്പായുടെ സംസ്കാരം 2010 ഒക്ടോബർ 18ന് ഫിലാഡൽഫിയയിലെ മംഗോളിയ സെമിത്തേരിയിലാണ് നടത്തിയത്. വേർപാടിന്റെ സമയത്ത് ഭൗതികശരീരം നാട്ടിലെത്തിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ഭാര്യ ബ്ലോസത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഫാ. മാത്യു ഉമ്മന്റെ സംസ്കാരം കഴിഞ്ഞ് നാലാം ദിവസം (ഒക്ടോബർ 21) ബ്ലോസവും അന്തരിച്ചു. തുടർന്ന് ബ്ലോസത്തിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് ഒക്ടോബർ 31ന് കോടുകുളഞ്ഞി പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുകയായിരുന്നു.
പിതാവിന്റെ ശരീരം കൂടി നാട്ടിലെത്തിച്ച് അമ്മയുടെ കല്ലറയോട് ചേർത്ത് അടക്കണമെന്നത് കുടുംബാംഗങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ, അമേരിക്കൻ നിയമപ്രകാരം സംസ്കരിച്ച ശരീരം 10 വർഷം കഴിയാതെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ അനുമതി ലഭിക്കുമായിരുന്നില്ല. 10 വർഷത്തെ നിയമപരമായ കാത്തിരിപ്പിനുശേഷം എംബസിയും ഇരു രാജ്യങ്ങളിലെയും അധികാരികളുമായി ദീർഘകാലം നടത്തിയ ഇടപെടലുകൾക്കൊടുവിലാണ് കല്ലറ തുറന്ന് അസ്ഥി അവശിഷ്ടങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി ലഭിച്ചത്.
ഇന്ന് വൈകിട്ട് അഞ്ചിന് കോടുകുളഞ്ഞി കോട്ടമല ബംഗ്ലാവിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും.
ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കു ശേഷമായിരിക്കും സംസ്കാരം. പള്ളി സെമിത്തേരിയിൽ ഭാര്യ ബ്ലോസത്തിന്റെ കല്ലറയോട് ചേർത്ത് നിർമിച്ച പ്രത്യേക കല്ലറയിലാണ് ഫാ. മാത്യു ഉമ്മനന്റെ ഭൗതികാവശിഷ്ടങ്ങൾ പുനർസംസ്കരിക്കുന്നത്.
മക്കൾ: ഹെയ്ലി ജോൺ, മോണ്ട്ലി മാത്യു ഉമ്മൻ (തിരുവനന്തപുരം), ഷെർലി മേരി (ദുബായ്), ഡാർലി ലിസബത്ത് അലക്സ് (അമേരിക്ക), വാസ്കൻലി ഗീവർഗീസ് ഉ്മൻ, ഫാ. ഗോൾഡൻലി തോമസ് ഉമ്മൻ (റാന്നി നിലയ്ക്കൽ ഭദ്രാസനം), പരേതയായ മേരി. മരുമക്കൾ: ശൈല, ലേന, അലക്സ് കുര്യൻ, ലുലു, മിനി, പരേതനായ ജോർജ് നൈനാൻ.
Tags :