മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവത്തോടനുബന്ധിച്ച് മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിൽ നിലവറയിൽ നടന്ന ആയില്യം പൂ
ഹരിപ്പാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ തുലാമാസ ആയില്യം എഴുന്നള്ളത്ത് നടന്നു. നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും കൈയിലേന്തി വലിയമ്മ സാവിത്രി അന്തർജനം നടത്തിയ എഴുന്നള്ളത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സാക്ഷ്യം വഹിച്ചത്. സന്താനസൗഭാഗ്യത്തിനും സർപ്പദോഷപരിഹാരത്തിനുമായി നാടിന്റെ നാനാദിക്കുകളിൽനിന്നുമെത്തിയ ഭക്തസഹസ്രങ്ങളാൽ കാവുകളും ക്ഷേത്രപരിസരവും തിങ്ങിനിറഞ്ഞു.
ആയില്യ ദിനമായ ഇന്നലെ പുലർച്ചെ നാലിന് നടതുറന്നു. നിർമാല്യദർശനത്തിനും അഭിഷേകങ്ങൾക്കും ശേഷം രാവിലെ കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാഗരാജാവിന് വാസുകി ഭാവത്തിലും സർപ്പയക്ഷിയമ്മയ്ക്ക് വിശേഷാൽ തിരുവാഭരണങ്ങളും ചാർത്തി പൂജകൾ ആരംഭിച്ചു. രാവിലെ എട്ടു മുതൽ ഇല്ലത്ത് നിലവറയ്ക്കു സമീപം വലിയമ്മ ഭക്തർക്ക് ദർശനം നൽകി. രാവിലെ 10 മുതൽ മഹാപ്രസാദമൂട്ടും നടന്നു.
ഉച്ചപൂജയ്ക്കുശേഷം നിലവറയോട് ചേർന്നുള്ള തെക്കേത്തളത്തിൽ വിശേഷാൽ നാഗപത്മക്കളം വരച്ചു. കളം പൂർത്തിയായതോടെ അമ്മ തീർഥക്കുളത്തിൽ കുളിച്ച് ഇളയമ്മയ്ക്കും കുടുംബകാരണവന്മാർക്കുമൊപ്പം ശ്രീകോവിലിലേക്ക് പ്രവേശിച്ചു. കുത്തുവിളക്കിലേക്ക് അമ്മ ദീപം പകർന്നതോടെ ശംഖ്, തിമിലപ്പാണി, വായ്ക്കുരവ എന്നിവ മുഴങ്ങി.
തുടർന്ന് വലിയമ്മ സാവിത്രി അന്തർജനം നാഗരാജാവിന്റെ തിരുമുഖവും നാഗഫണവും ഇളയമ്മ സതി അന്തർജനം സർപ്പയക്ഷിയമ്മയുടെയും കാരണവന്മാർ നാഗചാമുണ്ഡിയമ്മ, നാഗയക്ഷിയമ്മ എന്നിവരുടെയും വിഗ്രഹങ്ങളുമായി ഉച്ചയ്ക്ക് ഒന്നരയോടെ ഇല്ലത്തേക്ക് എഴുന്നള്ളി. രാജചിഹ്നങ്ങളായ ഛത്ര -ചാമര-വ്യജനങ്ങളോടും വാദ്യമേളങ്ങളോടും കൂടിയായിരുന്നു എഴുന്നള്ളത്ത്.
ഇല്ലത്തെ പുരാതന നിലവറത്തളത്തിലെ നാഗപത്മക്കളങ്ങളിൽ വിഗ്രഹങ്ങൾ സമർപ്പിച്ച ശേഷം വലിയമ്മയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ ആയില്യം പൂജ നടന്നു.
നൂറുംപാലും ഗുരുതിയും ഉൾപ്പെടെയുള്ള വിശേഷാൽ ചടങ്ങുകൾ പൂർത്തിയായതോടെ, വലിയമ്മയുടെ അനുമതിയോടെ ഇല്ലത്തിന്റെ തെക്കേമുറ്റത്ത് കെട്ടിയുയർത്തിയ തട്ടിന്മേൽ കാരണവർ നൂറുംപാലും അഭിഷേകവും നിർവഹിച്ചു. ഇതോടെ ഈ വർഷത്തെ മണ്ണാറശാല ആയില്യം മഹോത്സവ ചടങ്ങുകൾക്ക് ഭക്തിനിർഭരമായ സമാപനമായി. മകം നാളായ ഇന്ന് ശുദ്ധികർമങ്ങൾക്കുശേഷം വൈകിയേ നടതുറക്കൂ.
Tags :