വിതയ്ക്കായി സജ്ജമാക്കിയ പാടത്ത് സമീപ കൃഷിയിടങ്ങളില്‍നിന്ന് പോള ഒഴുകിയെത്തിയ നിലയില്‍.
എടത്വ: വിതയിറക്കാനായി സജ്ജമാക്കിയ പാടത്ത് സമീപ കൃഷിയിടങ്ങളില്‍നിന്ന് ഒഴുകിയെത്തിയ പോള നിറഞ്ഞതോടെ വിത തടസപ്പെടുമെന്ന് കര്ഷകന്. തകഴി കൃഷിഭവന് പരിധിയില്‍പ്പെട്ട ചെക്കിടിക്കാട് എഴുനൂറില്‍ പാടത്തെ വലിയതറ മാത്തുക്കുട്ടിയുടെ കൃഷിയിടത്തിലാണ് പോള നിറഞ്ഞത്.
കണ്ടത്തിലെ പോളയും കടകലും ആമ്പലും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്ത് നാളെ വിതയിറക്കുന്നതിനായി പാടം സജ്ജമാക്കിയിരുന്നു. എന്നാല്‍, ഞായറാഴ്ച പെയ്ത ശക്തമായ മഴയില്‍ പാടത്ത് വെള്ളം നിറഞ്ഞതോടെ കാറ്റിന്റെ ഗതിയില്‍ സമീപ കൃഷിയിടങ്ങളില്‍നിന്ന് പോള ഒഴുകിയെത്തി മാത്തുക്കുട്ടിയുടെ കണ്ടത്തില്‍ അടിയുകയായിരുന്നു.
കണ്ടത്തില്‍ അടിഞ്ഞുകൂടിയ പോളയും കടകലും വീണ്ടും തൊഴിലാളികളെ ഉപയോഗിച്ച് നീക്കം ചെയ്യേണ്ടിവരും. ഇതോടെ വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന വിതയിറക്ക് മുടങ്ങാനും സാധ്യതയുണ്ടെന്ന് കര്ഷകന് പറഞ്ഞു. പോള കയറിയ പ്രശ്നം തകഴി കൃഷിഭവനെയും പാടശേഖര സമിതിയെയും അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കര്‍ഷകന്റെ പരാതി.
നിലവില്‍ പോള നീക്കം ചെയ്താലും സമീപ കൃഷിയിടങ്ങളില്‍നിന്ന് വീണ്ടും ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നും മാത്തുക്കുട്ടി ആവശ്യപ്പെട്ടു. വിതയ്ക്കുള്ള വിത്ത് ലഭിച്ചിട്ടുണ്ടെങ്കിലും പ്രശ്നത്തിനു പരിഹാരം കാണാതെ വിത്ത് ഇറക്കില്ലെന്ന നിലപാടിലാണ് കര്ഷകന്.
Tags :