ഇടിച്ച കാറും തകർന്ന ബൈക്കും.
അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ മൂന്നു പേർക്കു പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന വളഞ്ഞവഴി കമ്പിവളപ്പ് രാഹുൽ (36), സഹോദരിപുത്രി ദേവദർശി (18), നീർക്കുന്നം രത്നസദനത്തിൽ പരേതനായ സുനിൽകുമാറിന്റെ മകൾ ദിയ (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാർ മൂവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ രാഹുലിനെയും ദേവദർശിനിയെയും ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും ദിയയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാഹുലിനും ദേവദർശിനിക്കും വലത് കാലിനും ദേഹമാസകലവും ഗുരുതര പരിക്കുണ്ട്. നട്ടെല്ലിനും വാരിയെല്ലുകൾക്കും കൈക്കുമാണ് ദിയയുടെ പരിക്ക്. രാഹുലിനേയും ദിയയേയും ശസ്ത്രക്രിയക്ക് വിധേയരാക്കി.
ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിൽ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. കൊല്ലത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ് ക്കായി പോയവർ സഞ്ചരിച്ച കാറാണ് എതിരേ വന്ന ബൈക്കിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ദേവദർശി, ദിയ എന്നിവർ ബൈക്കിൽനിന്ന് തെറിച്ച് പാലത്തിനുതാഴെ വീണു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടാം വർഷ ഏവിയേഷൻ കോഴ്സിന് പഠിക്കുകയാണ് ദേവദർശിനി. പ്ലസ് ടു കഴിഞ്ഞ ദിയ ജർമനിൽ നഴ്സിംഗ് പഠനത്തിനു പോകുന്നതിനായി എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ജർമൻ ഭാഷ പഠിക്കുകയാണ്. ദേവദർശിനയും ദിയയും സുഹൃത്തുക്കളും എറണാകുളത്ത് ഹോസ്റ്റലിൽ ഒന്നിച്ചാണ് താമസിക്കുന്നത്. അവധിക്ക് വീട്ടിലെത്തിയ ഇരുവരും തിരികെ എറണാകുളത്തേക്ക് പോകുന്നതിനായി അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.
കാർ യാത്രക്കാർക്കു പരിക്കില്ല. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം നിലച്ചു. പിന്നീട് ക്രെയിനുപയോഗിച്ച് കാർ പാലത്തിൽനിന്ന് നീക്കം ചെയ്തശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ബൈക്കും കാറിന്റെ മുൻ ഭാഗവും പൂർണമായി തകർന്നു. അമ്പലപ്പുഴ പൊലിസ് കേസെടുത്തു.
Tags :