വള്ളികുന്നം പഞ്ചായത്തിൽ കനാൽവഴിയിലൂടെ അങ്കണവാടിയിലേക്കു പോകുന്ന കുട്ടികൾ.
ചാരുംമൂട്: കനാൽ വഴിയിലൂടെ അങ്കണവാടിയിലേക്കുള്ള കുട്ടികളുടെ സാഹസിക യാത്ര അപകടഭീതിയിൽ. വള്ളികുന്നം പഞ്ചായത്തിലെ കന്നിമേൽ 144-ാം നമ്പർ അങ്കണവാടിയിലേക്കുള്ള കുരുന്നുകളുടെ യാത്രയാണ് അപകടഭീഷണി ഉയർത്തുന്നത്. ബദാംമുക്ക്- തുറേശേരിൽ റോഡിലൂടെവന്ന് കല്ലട ജലസേചനപദ്ധതിയുടെ കനാൽ വഴിയിലൂടെവേണം കുട്ടികൾക്ക് അങ്കണവാടിയിലെത്താൻ. റോഡിൽനിന്ന് അൻപതു മീറ്ററോളം ദൂരം കനാൽ വഴിയിലൂടെ സഞ്ചരിച്ചെങ്കിൽ മാത്രമേ അംഗനവാടിയിലെത്താൻ കഴിയൂ. കനാലും വഴിയും ഒരേ നിരപ്പിലാണ് സ്ഥിതിചെയ്യുന്നത്.
കോൺക്രീറ്റുചെയ്ത് നിർമിച്ച കനാലിന് പത്തടിയോളം താഴ്ചയുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പഞ്ചായത്തിലെ അങ്കണവാടിയാണിത്. ദിവസവും കുട്ടികളെ അങ്കണവാടിയിലെത്തിക്കുന്ന രക്ഷിതാക്കൾപോലും ആശങ്കയോടെയാണ് ഇതുവഴി യാത്രചെയ്യുന്നത്.
അങ്കണവാടിയിലേക്കു സുരക്ഷിതമായ വഴിയില്ലാത്തതു കുട്ടികളെയും രക്ഷിതാക്കളെയും ഒന്നുപോലെ ബുദ്ധിമുട്ടിലാക്കുന്ന നിലയിലാണ്. ഈ ഭാഗത്ത് കനാലിനു മേൽമൂടിയിടുകയോ പാർശ്വഭിത്തി പണിയുകയോ ചെയ്യണമെന്ന് നിരവധി തവണ കനാൽ അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
Tags :